വിദ്യാര്‍ഥി പ്രക്ഷോഭത്തെ തല്ലിക്കെടുത്താനാവില്ല
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) എ.ബി.വി.പി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി നടത്തിയ നരനായാട്ടിനോട് ഡല്‍ഹി പൊലിസിന്റെ പ്രതികരണം ലജ്ജാവഹവും അനീതിയുമാണ്. മുഖം മറച്ചെത്തിയ അക്രമികള്‍ സര്‍വകലാശാല കാംപസില്‍ അഴിഞ്ഞാടുകയും ലൈബ്രറിയും മറ്റും തല്ലിത്തകര്‍ക്കുകയും വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിട്ടും പൊലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. സംഭവത്തിനു ശേഷവും പ്രതികളെ പിടികൂടാന്‍ പൊലിസ് ശ്രമിച്ചില്ല. ഏറ്റവും ഒടുവില്‍ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത് കേസെടുക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ സംവിധാനമായ പൊലിസ് സര്‍ക്കാരിനു മുന്നില്‍ തലകുനിക്കുക പലപ്പോഴും കാണാറുണ്ട്. എല്ലാ സംസ്ഥാനത്തും ഭരണകക്ഷിയോട് ഇത്തരം അനുഭാവം പൊലിസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത് കാണാം. എന്നാല്‍ കുനിയുന്നതിനു പകരം മുട്ടിലിഴയുന്ന സമീപനമാണ് ഡല്‍ഹി പൊലിസിന്റേതെന്ന് വ്യക്തമാകുന്നതാണ് അവര്‍ ജെ.എന്‍.യുവില്‍ നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന രംഗത്തുവന്നിട്ടും പൊലിസിന് അനക്കമില്ല. അതേസമയം, ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി നേതാവിനെതിരേ കേസെടുക്കുകയും ചെയ്തിരിക്കുന്നു. സാധാരണ ജനങ്ങളില്‍ ഭരണസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഇത്തരം പ്രവൃത്തികളിലൂടെ പൊലിസ് നടത്തുന്നത്. നീതിന്യായ വ്യവസ്ഥയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം ഇല്ലാതാകുന്നത് അരാജകത്വം സൃഷ്ടിക്കും. ഇത്തരം അരാജക സമൂഹത്തില്‍ അക്രമികള്‍ക്ക് എളുപ്പത്തില്‍ അഴിഞ്ഞാടാനുമാകും. ഇതെല്ലാം കണക്കുകൂട്ടിയാണോ പൊലിസ് പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ എന്തു മറുപടിയാണ് ഡല്‍ഹി പൊലിസിന് നല്‍കാനാകുക.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തവര്‍ സൈ്വര വിഹാരം നടത്തുമ്പോള്‍ ഇരകളെ പ്രതിചേര്‍ത്ത പൊലിസ് നടപടി വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെര്‍വര്‍ മുറി തകര്‍ത്തുവെന്നും മറ്റും ആരോപിച്ചാണ് ജെ.എന്‍.യു സ്റ്റുഡന്‍സ് യൂനിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തത്. മുഖം മറച്ചെത്തിയ എ.ബി.വി.പിക്കാരുടെ ആക്രമണത്തില്‍ 25 വിദ്യാര്‍ഥികള്‍ക്കും രണ്ടു അധ്യാപകര്‍ക്കുമാണ് പരുക്കേറ്റത്. 50 ഓളം അക്രമികളാണ് കാംപസില്‍ എത്തിയത്. ഇരുമ്പു ദണ്ഡും, വടിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ അക്രമിച്ചത്. വധശ്രമത്തിന് ഇരയായ വനിതാ നേതാവിന്റെ പേരില്‍ തന്നെ കേസെടുക്കുകയും അക്രമികളെ രക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് വിമര്‍ശിക്കപ്പെടുന്നത്. ജെ.എന്‍.യു അധ്യാപകരുടെ അസോസിയേഷനും പൊലിസിന്റെ വിചിത്ര നടപടി ചോദ്യം ചെയ്തു രംഗത്തുണ്ട്. ആസൂത്രിതമാണ് ആക്രമണങ്ങളെന്ന് അവര്‍ പറയുന്നു.
പുറത്തുനിന്നുള്ള അക്രമികള്‍ കാംപസില്‍ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പൊലിസെത്തുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയില്ലെന്നാണ് പൊലിസ് നടത്തിയ വിശദീകരണം. വിവരം അറിയാന്‍ വൈകിയെന്നും ഉടനെ കാംപസിലെത്തിയെന്നും പിന്നീട് ഒരു അക്രമിയും അവിടെ എത്തിയില്ലെന്നും പൊലിസ് പറഞ്ഞു. ആഗോളതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷമായിരുന്നു ഈ വിശദീകരണം. എന്നാല്‍ എന്തുകൊണ്ട് പിന്നീട് പ്രതികളെ പിടികൂടിയില്ലെന്നും ഇരകളെ പ്രതിചേര്‍ത്തെന്നുമുള്ള ചോദ്യം നിലനില്‍ക്കുകയാണ്.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള രണ്ടു ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പൊലിസ് വിശദീകരണം. എങ്കില്‍ അവര്‍ക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിക്കാന്‍ മടികാണിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. പൊലിസ് കാംപസിലെത്തിയ ശേഷമാണ് അക്രമികള്‍ കാംപസ് വിട്ടുപോയതെന്ന് സമൂഹ മാധ്യമങ്ങളിലെ വിഡിയോകളില്‍ വ്യക്തമാണ്. അക്രമികളെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചതെന്ന ചോദ്യത്തിനും മറുപടിയില്ല. അക്രമികളെ നോക്കി നിന്ന പൊലിസ് അവര്‍ കാംപസ് വിട്ടുപോകുന്നതും നോക്കി നില്‍ക്കുകയായിരുന്നുവെന്ന് സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് വിങ് ഡയരക്ടര്‍ മീനാക്ഷി ഗാംഗുലി പറയുന്നു.
എന്താണ് ജെ.എന്‍.യു ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളോട് സംഘ്പരിവാറിന് അസഹിഷ്ണുതയെന്ന ചോദ്യവും പ്രസക്തമാണ്. സി.എ.എ, എന്‍.ആര്‍.സി ക്കെതിരേ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് സര്‍വകലാശാലകളില്‍ നിന്നാണെന്നത് സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നുണ്ട്. നേരത്തെ സംഘ്പരിവാര്‍ സര്‍വകലാശാലകളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയായിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പ്രധാനമന്ത്രിക്ക് മാസങ്ങള്‍ക്ക് മുന്‍പ് അയച്ചതായി പറയുന്ന കത്തിലെ ഉള്ളടക്കവും ഇതേ സംശയം ജനിപ്പിക്കുന്നതാണ്.
ജെ.എന്‍.യുവിലെ പുതിയ വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥി വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് സമരത്തിന് കാരണമായത്. കാംപസിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കാന്‍ വി.സി ശ്രമിക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഫീസ് വര്‍ധനവില്‍ വി.സി ചര്‍ച്ചക്ക് പോലും തയാറാകാതിരുന്നതും തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്‌സ് യൂനിയനോട് സഹകരിക്കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജെ.എന്‍.യുവില്‍ മാറ്റങ്ങള്‍ വേണമെന്നും അത് സാവകാശം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ നടപ്പാക്കണമെന്നുമാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്റേതായ കത്തില്‍ പറയുന്നത്. 2016 ല്‍ വി.സിയായി ചുമതലയേറ്റ ജഗദേഷ് കുമാര്‍ ഇതിനകം തന്നെ കാംപസില്‍ ഇത്തരം നിലപാടുകള്‍ നടപ്പാക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ സര്‍വകലാശാല അടച്ചിടണമെന്നാണ് വി.സി കേന്ദ്രത്തോട് നിര്‍ദേശിച്ചത്. ഈ നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. ഇതാദ്യമായാണ് വി.സിയെ കേന്ദ്രം തള്ളിപ്പറയുന്നത്. സര്‍വകലാശാല അടച്ചിടേണ്ടെന്ന് നിലപാടെടുത്ത മാനവവിഭവ ശേഷി മന്ത്രാലയം വി.സിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജെ.എന്‍.യു ആക്രമണത്തിനും അത് സര്‍ക്കാരിനും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടത്തിനും കാരണം വി.സി ആണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ എ.ബി.വി.പിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വി.സി തന്റെ പ്രസ്താവന ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
കാംപസിലെ നരനായാട്ടില്‍ ഒരടിപോലും മുന്നോട്ടു പോകാന്‍ തയാറാകാത്ത പൊലിസ് ഇന്നലെ അക്രമികളുടെ വിവരം തേടി പത്രപരസ്യം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കാന്‍ കാംപസില്‍ കൗണ്ടറും പൊലിസ് ആരംഭിച്ചു. പൊലിസ് നീതിപാലിക്കുന്നില്ലെന്നും വി.സി രാജിവയ്ക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കലാശാലയെ അക്രമശാലയാക്കി രാഷ്ട്രീയനേട്ടം കൊയ്യാമെന്ന സംഘ്പരിവാര്‍ അജണ്ടയാണ് രാജ്യത്തെ പ്രമുഖ സര്‍വകലാ ശാലകളില്‍ കാണുന്നത്. ഇത്തരം ഹീന തന്ത്രങ്ങള്‍ എവിടെയും വിജയം കണ്ടില്ലെന്ന ചരിത്രം മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."