അസന്റ് 2020 സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള മൂടുപടം: ചെന്നിത്തല
തിരുവനന്തപുരം: അസന്റ് 2020 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം പരാജയം മറച്ചുവയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മൂടുപടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതു കച്ചവടത്തിന്റെ പേരിലാണ് അസന്റ് വിളിച്ചുകൂട്ടുന്നത്. ഇടതു സര്‍ക്കാര്‍ മൂലധന ശക്തികളെ മടിയില്‍വച്ച് പരിപോഷിപ്പിക്കുകയാണ്. കേരളത്തിന് ഒരു ഗുണവുമില്ലാത്ത പാഴ്‌വേലയാണ് അസന്റ്. മൂലധന ശക്തികളുമായി കൈകോര്‍ക്കുന്ന നിലപാടിലൂടെ അഴിമതിക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ പ്രകൃതിയെ കൊള്ളടയിക്കാന്‍ മൂലധന ശക്തികള്‍ക്ക് അവസരമൊരുക്കുകയാണോ ഇതിലൂടെ ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പും കുട്ടനാട് ഉപതെരഞ്ഞെടുപ്പുമെല്ലാം നടക്കുമ്പോള്‍ സര്‍ക്കാരിന് ബാക്കിയുള്ളത് 11 മാസം മാത്രമാണ്. ഒരു വര്‍ഷം മാത്രമുള്ളപ്പോള്‍ പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്നു പറഞ്ഞ് നിക്ഷേപക സംഗമം വിളിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് ആളെ കണ്ടെത്താന്‍ ഭരണം തുടങ്ങി ആദ്യ വര്‍ഷങ്ങളില്‍ ശ്രമം നടത്തണമായിരുന്നു.
ഒരു വന്‍കിട പദ്ധതിയും കൊണ്ടുവരാന്‍ കഴിയാത്തവരാണ് പുതിയ സംരംഭകരെ വിളിച്ചുവരുത്തുമെന്ന് പറയുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വന്‍കിട പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാന്‍ ഈ സര്‍ക്കാരിനായിട്ടില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."