പുല്ലംകുളത്തില്‍ മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു
മാള: അഷ്ടമിച്ചിറ ജലസേചന പദ്ധതിയുടെ വെള്ളമെത്തിയെങ്കിലും പുല്ലംകുളത്തില്‍ മാലിന്യവും ചപ്പുചവറുകളും നിറഞ്ഞതു വെള്ളത്തിന്റെ ഒഴുക്കിനു തടസമാകുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ജലസേചന പദ്ധതി പൂര്‍ണമായി പ്രവര്‍ത്തിച്ചത്. ദിവസങ്ങളായി കനാല്‍വഴി പുല്ലംകുളത്തിലേക്കു വെള്ളമെത്തുന്നുണ്ടെങ്കിലും മാലിന്യം നിറഞ്ഞതുകാരണം ഒഴുക്ക് കുറഞ്ഞ അവസ്ഥയിലാണ്.
കുളത്തില്‍നിന്നുള്ള ഒഴുക്കിനു തടസമില്ലാതിരുന്നാല്‍ മാത്രമേ പുത്തന്‍ചിറ ഭാഗത്തേക്കു വെള്ളമെത്തുകയുള്ളൂ. അഷ്ടമിച്ചിറയില്‍നിന്നു വെള്ളം വിട്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുത്തന്‍ചിറയിലെത്താത്ത അവസ്ഥയിലാണ്. കുളത്തില്‍നിന്നുള്ള തോടുകളില്‍ മാലിന്യം നിക്ഷേപിച്ചതും തോട് കൈയേറിയതും വെള്ളം തടയാനിടയാക്കിയിട്ടുണ്ട്. കുളവും അനുബന്ധതോടും വൃത്തിയാക്കിയിട്ടു വര്‍ഷങ്ങളേറെയായെന്നു കര്‍ഷകര്‍ പറയുന്നു.
മാള ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കുളം അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നാശത്തിന്റെ വക്കിലാണ്. പായലും മാലിന്യവും മൂടി കുളത്തിന്റെ സംഭരണ ശേഷി പകുതിയിലധികം കുറഞ്ഞു. അഷ്ടമിച്ചിറ ജലസേചന പദ്ധതി ആരംഭിച്ചതോടെ പുല്ലംകുളങ്ങര പാടശേഖരത്തില്‍ പുഞ്ച കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണു കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."