കലാപ ഹര്‍ത്താലില്‍ പരക്കെ അക്രമം
കല്‍പ്പറ്റസുല്‍ത്താന്‍ ബത്തേരി/മാനന്തവാടി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര സംഘടനകളും ശബരിമല കര്‍മസമിതിയും സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൊതുജനത്തെ വലച്ചു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ 82 പേരെ പൊലിസ് കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 17 കേസുകളിലായി 27 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇരുപതിനായിരം രൂപയുടെ പൊതുമുതലാണ് ഹര്‍ത്താലനുകൂലികള്‍ ഇന്നലെ തകര്‍ത്ത്. 1.87 ലക്ഷത്തിന്റെ സ്വകാര്യ സ്വത്തുക്കളും ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ടു.
ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടയുടന്‍ വ്യാപാരികളുടെ വിവിധ സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇത് സമരക്കാരെ പ്രകോപിപ്പിച്ചു. പലയിടത്തും സമരാനുകൂലികള്‍ കടകളിലേക്ക് അക്രമമഴിച്ച് വിട്ടു. അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിന്റെ കട സമരാനുകൂലികള്‍ ബലമായി അടപ്പിച്ചു.
ഇത് ഇവിടെ ഏറെനേരം സംഘര്‍ഷ സാധ്യതയുണ്ടാക്കി. പുല്‍പ്പള്ളിയില്‍ തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ക്ക് നേരെ സമരക്കാരുടെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് പൊലിസ് ലാത്തിവീശുകയും സമരാനകൂലികള്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ ലാത്തിച്ചാര്‍ജിനിടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാതൃഭൂമി ലേഖകന്‍ ശ്രാവണ്‍ സിറിയകിന് പരുക്കേറ്റു. ഇയാള്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഹര്‍ത്താലിനെ വര്‍ജിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന സുല്‍ത്താന്‍ ബത്തേരിയിലാണ് സമരാനുകൂലികള്‍ കൂടുതല്‍ അക്രമാസക്തരായത്. ഇവിടെ രാവിലെ എട്ടോടെ തന്നെ അക്രമ പരമ്പകള്‍ അരങ്ങേറി. വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറാണ് മണിച്ചിറ ജങ്ഷനില്‍ തമ്പടിച്ച സമാരുനുകൂലികള്‍ നടത്തിയത്. ഇതേതുടര്‍ന്ന് രണ്ട് ലോറികളുടെയും ഒരു കാറിന്റെയും കെ.എസ്.ആര്‍.ടി.സി ബസിന്റെയും മുന്‍ ഗ്ലാസുകള്‍ തകര്‍ന്നു. മാനിക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന മോജോ ബേക്കറിയും ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു. കല്ലേറില്‍ ബേക്കറിയുടെ മുന്‍ ഗ്ലാസ് തകര്‍ന്നു. ഗ്ലാസിന്റെ ചില്ല് തെറിച്ച് കടയുടമയുടെ മകന് പരുക്കേറ്റു. കല്ലിനൊപ്പം ബള്‍ബില്‍ ആസിഡ് നിറച്ച് തുണി ചുറ്റിയാണ് ബേക്കറിക്ക് നേരെ എറിഞ്ഞത്. ബേക്കറിക്ക് നേരെയുള്ള അക്രണണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലിസ് എടുത്തിട്ടുണ്ട്. ഇവിടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 17 പെരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തു. സുമേഷ് (25), പ്രജിത്ത് (22) എന്നിവര്‍ക്കെതിരെയാണ് പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുത്തത്. ഒരാളെ ലോറിയുടെ ചില്ല് തകര്‍ത്തിനുമാണ് അറസ്റ്റ് ചെയ്തത്. ലോ ആന്റ് ഓര്‍ഡര്‍ ഡിവൈ.എസ്.പി കെ.കെ മൊയ്തില്‍കുട്ടിയുടെയും എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന്‍ നമ്പൂരിയുടെയും നേത്യത്വത്തില്‍ രാവിലെ മുതല്‍ പൊലിസ് ടൗണില്‍ ക്യാംപ് ചെയ്തിരുന്നു. അതിനാല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണില്‍ കേന്ദ്രീകരിക്കാതെ മാനിക്കുനി മാരിയമ്മന്‍ ക്ഷേത്ര പരിസരത്തേക്ക് മാറി തമ്പടിച്ചു. മാനിക്കുനി കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ ദേശീയപാതയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കോടതി പരിസരത്ത് റോഡിന് കുറുകെ വലിയ കല്ലുകള്‍ ഇട്ട് മാര്‍ഗതടസം സ്യഷ്ടിച്ചു. ഇതിനിടെ ഇരുചക്രവാഹന യാത്രികനെ ഹര്‍ത്താലുകള്‍ അനുകൂലികള്‍ മര്‍ധിച്ചു. പൊലിസ് വാഹനം കാണുന്ന മുറക്ക് അക്രമികള്‍ സമീപത്തെ ക്ഷേത്ര പരിസരത്തേക്ക് ഓടികയറി രക്ഷപ്പെടുകയായിരുന്നു. അക്രമ ദൃശൃങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെയും ഹര്‍ത്താലുനുകൂലികള്‍ ഭീഷണിപ്പെടുത്തി.
150ഓളം കടകള്‍ ഇവിടെ ഇന്നലെ തുറന്നിരുന്നു. ചുള്ളിയോട് വ്യാപരസ്ഥപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ത്താലനൂകുലികളും വ്യാപരികളും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മാനന്തവാടി താഴയങ്ങാടിയില്‍ റോഡില്‍ ടയര്‍ കത്തിച്ചതിന് മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താനുകൂലികള്‍ ഉള്‍പ്പെടെ മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്റെത് ഉള്‍പ്പെടെ അസോസിയേഷന്‍ ഭാരവാഹികളുടെ പത്തിനടുത്ത് കടകളും ഉച്ചവരെ തുറന്നു. രാവിലെയോടെ തന്നെ നഗത്തില്‍ തമ്പടിച്ച സമരക്കാര്‍ വാഹനങ്ങള്‍ തടയുകയോ മറ്റോ ചെയ്തില്ല. ഉച്ചക്ക് 12ഓടെ പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്നും പ്രകടനം തുടങ്ങി നഗരം ചുറ്റി സമാപിച്ചു. ഹര്‍ത്താലനുകൂലികളുടെ പ്രകടനം കഴിഞ്ഞയുടന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലും പ്രകടനം നടന്നു. പോസ്റ്റാഫിസ് ജങ്ഷനില്‍ പ്രകടനമെത്തിയപ്പോള്‍ മറുഭാഗത്ത് ഹര്‍ത്താലനുകൂലികള്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിരുന്നു. ഇത് പൊലിസിനും തലവേദന സൃഷ്ടിച്ചു. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പക്ട്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ പൊലിസ് ഇടപ്പെട്ട് ഇരു വിഭാഗത്തെയും അനുനയിപ്പിച്ചു. കമ്പളക്കാട് ഭൂരിഭാഗം കടകളും ഇന്നലെ പതിവ്‌പോലെ തന്നെ പ്രവര്‍ത്തിച്ചു. കല്‍പ്പറ്റയില്‍ വിരലിലെണ്ണാവുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. മീനങ്ങാടിയില്‍ കടകളടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികളെത്തിയത് വാക് തര്‍ക്കത്തിന് കാരണമായി. ചെറിയ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചു. നടവയല്‍, പനമരം ഭാഗങ്ങളില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 15 ഓളം ഹര്‍ത്താല്‍ അനുകൂലികളെ പനമരം പൊലിസ് അറസ്റ്റ് ചെയ്തു. വ്യാപാരികളുടെ ജില്ല നേതാക്കന്മാരുള്ള പനമരത്ത് കടകള്‍ തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹര്‍ത്താല്‍ അനുകൂലികളും സംഘടിച്ച് രംഗത്തിറങ്ങിയത് വ്യാഴാഴ്ച രാവിലെ ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പനമരത്ത് ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് പൊലിസിന്റെ ഭക്ഷണ വിതരണം ആശ്വാസമായി. കേണിച്ചിറയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ ഒന്നും തുറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."