നഗരം ശരിയാക്കാന്‍ ഇനി തോട്ടത്തില്‍ രവീന്ദ്രന്‍
കോഴിക്കോട്: നഗരത്തെ ഇനി തോട്ടത്തില്‍ രവീന്ദ്രന്‍ നയിക്കും. നഗരപിതാവിന്റെ കസേരയില്‍ ഏറെ തിളങ്ങിയ അദ്ദേഹം വീണ്ടും മേയറായത് കോഴിക്കോടിന്റെ വികസന കുതിപ്പിനു വേഗത കൂട്ടുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. മേയറായിരുന്ന വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. 71ല്‍ 46 വോട്ടുനേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ നഗരത്തിന്റെ 26-ാമത്തെ മേയറായി സ്ഥാനമേറ്റത്. അസാധുവോ ക്രോസ് വോട്ടിങ്ങോ ഇല്ലാതെ വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതെയാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിന്റെ പതിവ് ശൈലിവിട്ട് ഈശ്വര നാമത്തിലായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്റെ സത്യപ്രതിജ്ഞ.
രാവിലെ പതിനൊന്നിനാണ് മേയര്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ കൗണ്‍സില്‍ ഹാളില്‍ തുടങ്ങിയത്. കേരള മുനിസിപ്പല്‍ ചട്ടപ്രകാരം ക്വാറം തികഞ്ഞെന്ന് ഉറപ്പുവരുത്തിയ വരണാധികാരി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വിവരിച്ചു. സി.പി.എമ്മിലെ പി.സി രാജന്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പേരു നിര്‍ദേശിച്ചു. സി.പി.ഐയിലെ ആശാ ശശാങ്കന്‍ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. പി.എം സുരേഷ്ബാബുവിന്റെ പേര് നിര്‍ദേശിച്ചത് ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ സി. അബ്ദുറഹ്മാനാണ്. ജെ.ഡി.യുവിലെ അഡ്വ. തോമസ് മാത്യു പിന്താങ്ങി. ബി.ജെ.പി സ്ഥാനാര്‍ഥിയായി എന്‍. സതീശ് കുമാറിന്റെ പേര് നമ്പിടി നാരായണന്‍ നിര്‍ദേശിച്ചു. ഇ. പ്രശാന്ത് കുമാര്‍ പിന്താങ്ങി. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പിലേക്ക് കടന്നു. സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ക്രോസ് എന്ന് രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്. ബാലറ്റിന് പുറത്ത് കൗണ്‍സിലര്‍മാരുടെ പേരും ഒപ്പും രേഖപ്പെടുത്തിയില്ലെങ്കില്‍ വോട്ട് അസാധുവാകുമെന്ന് കലക്ടര്‍ ഓര്‍മപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പില്‍ ചിലര്‍ തെറ്റിച്ചതും കലക്ടര്‍ ചൂണ്ടിക്കാട്ടി. ഇതുകാരണം എല്ലാവരും വളരെ ശ്രദ്ധിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുനിസിപ്പല്‍ ആക്ടിലെ 6, 7, 8, 9 ചട്ടങ്ങള്‍ വായിച്ചു. ഒന്ന് മുതല്‍ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരെ വോട്ട് രേഖപ്പെടുത്താന്‍ ക്ഷണിച്ചു. ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. റഹിയയായിരുന്നു ആദ്യ വോട്ടര്‍. 75-ാം വാര്‍ഡിലെ കെ. നിഷ അവസാനമായി വോട്ട് ചെയ്തു. 75 അംഗം കൗണ്‍സിലില്‍ വി.കെ.സി മമ്മദ് കോയ രാജിവച്ചതോടെ അംഗസംഖ്യ 74 ആയി. ഇതില്‍ 71 പേരാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. യു.ഡി.എഫിലെ ജെ.ഡി.യു കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എന്‍.സി.പിയുടെ അനിതാ രാജനും, ബി.ജെ.പി കൗണ്‍സിലര്‍ നവ്യാ ഹരിദാസും തെരഞ്ഞെടുപ്പിന് എത്തിയില്ല. 11.40ഓടെ വോട്ടിങ് കഴിഞ്ഞു. പിന്നീട് വോട്ടെണ്ണല്‍ ആരംഭിച്ചു. ഓരോ ബാലറ്റും എടുത്ത് ചെയ്തയാളുടെ പേരും ആര്‍ക്കാണ് വോട്ട് ചെയ്തതെന്നും കലക്ടര്‍ വിളിച്ചുപറഞ്ഞു. എല്ലാവരും ആധിയോടെയാണ് കലക്ടറുടെ ശബ്ദം ശ്രവിച്ചത്. 74 പേരുടെയും ബാലറ്റ് പരിശോധിച്ചു കഴിഞ്ഞപ്പോള്‍ ആരുടെയും വോട്ട് അസാധുവായില്ലെന്ന തെളിഞ്ഞു. ഇതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
ഫലപ്രഖ്യാപനത്തിനു ശേഷം സത്യപ്രതിജ്ഞ നടന്നു. തുടര്‍ന്നു ജില്ലാ കലക്ടറുടെ അനുമോദനം. സ്ഥാനൊഴിഞ്ഞ മേയര്‍ വി.കെ.സി മമ്മദ് കോയ രവീന്ദ്രനെ ഗൗണ്‍ അണിയിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മുന്‍മേയര്‍മാരായ ടി.പി ദാസന്‍, ഒ. രാജഗോപാല്‍, പ്രൊഫ. എ.കെ പ്രേമജം, എം. ഭാസ്‌കരന്‍, സി.പി.എം സൗത്ത് ഏരിയാ സെക്രട്ടറി സി.പി മുസാഫര്‍ അഹമ്മദ്, മുസ്‌ലിം ലീഗ് നേതാവ് പി. മാമുക്കോയ ഹാജി മേയറെ അനുമോദിക്കാന്‍ എത്തിയിരുന്നു.
നഗരത്തിന്റെ 26-ാമത്തെ മേയര്‍
കോഴിക്കോട്: കോര്‍പറേഷന്റെ 26-ാമത്തെ മേയറായാണ് 69കാരനായ തോട്ടത്തില്‍ രവീന്ദ്രന്‍ ചുമതലയേറ്റത്. നഗരത്തിലെ കലാ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം രണ്ടാം തവണയാണ് നഗര പിതാവിന്റെ കസേരയിലെത്തുന്നത്.
200-2005 കാലത്താണ് നേരത്തെ മേയറായിരുന്നത്. 1998ല്‍ പ്രൊഫ. എ.കെ പ്രേമജം വടകരയില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ടുമാസം മേയറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചു. 1988ല്‍ ആദ്യമായി കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തോട്ടത്തില്‍ അഞ്ചാം തവണയാണ് കൗണ്‍സിലറാകുന്നത്.
1995 മുതല്‍ 2000 വരെ ഡെപ്യൂട്ടി മേയറായിരുന്നു. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് 2007 മുതല്‍ 2011 വരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഭാര്യ: വത്സല (പെരിന്തല്‍മണ്ണ തച്ചിങ്ങനാടം കൃഷ്ണ യു.പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിഷ്ണു (ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി- വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം കോളജ് ), ലക്ഷ്മി (ഗവ. ലോ കോളജ്, കോഴിക്കോട് ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."