താമരശ്ശേരി സിവില്‍ സ്റ്റേഷനില്‍ രണ്ടാഴ്ചയായി വെള്ളമില്ല; ജീവനക്കാര്‍ ദുരിതത്തില്‍
താമരശ്ശേരി: സിവില്‍സ്‌റ്റേഷനില്‍ രണ്ടണ്ടാഴ്ചയായി വെള്ളമില്ലാതെ ജീവനക്കാര്‍ ദുരിതത്തില്‍. മിനി സിവില്‍ സ്റ്റേഷനിലെ നൂറോളം ജീവനക്കാരാണ് ഇതുമൂലം പൊറുതിമുട്ടുന്നത്. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കുഴല്‍കിണറിലെ മോട്ടോര്‍ പ്രവര്‍ത്തനക്ഷമമായിട്ടു കാലങ്ങളേറെയായി.
ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം കുറച്ചുകൂടി ആഴം കൂട്ടി മോട്ടോര്‍ ഇറക്കിയെങ്കിലും പ്രശ്‌നപരിഹാരമായിരുന്നില്ല. തുടര്‍ന്നു തൊട്ടടുത്തുള്ള പി.ഡബ്ല്യൂ.ഡി ഓഫിസ് വളപ്പിലെ കിണറില്‍ ഒരു മോട്ടോര്‍ ഘടിപ്പിച്ച് സിവില്‍സ്റ്റേഷന്‍ വളപ്പിലെ ടാങ്കിലേക്കു വെള്ളം പമ്പുചെയ്യുകയായിരുന്നു. ജീവനക്കാരില്‍ നിന്നു പിരിവെടുത്താണു പുതിയ മോട്ടോര്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇതും ഇപ്പോള്‍ കേടായതാണു വെള്ളം മുടങ്ങാന്‍ കാരണം.
വെള്ളമില്ലാതായതോടെ വിവിധ ഓഫിസുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരടക്കം കടുത്ത പ്രയാസത്തിലാണ്. താലൂക്ക് ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ്, എംപ്ലോയ്‌മെന്റ് ഓഫിസ്, കൃഷി ഭവന്‍, എ.ഇ.ഒ, ഡി.ഇ.ഒ ഓഫിസ്, ലേബര്‍ ഓഫിസ്, സോയില്‍ കണ്‍സര്‍വേഷന്‍, ലോട്ടറി, ട്രൈബല്‍ ഡവലപ്‌മെന്റ്, ഡയറി തുടങ്ങി നിരവധി ഓഫിസുകളിലായി നൂറോളം ജീവനക്കാരാണ് മിനി സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്. റവന്യൂ വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."