ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍
കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിനെ ഇടിമുറിയില്‍ കൊണ്ടുപോയി കൈകാര്യം ചെയ്‌തെന്നും ജിഷ്ണു ഒപ്പിട്ടു നല്‍കിയതെന്ന പേരില്‍ കോളജ് അധികൃതര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും ഇരിങ്ങാലക്കുട അസി. പൊലിസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ ഇതോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ആരോഗ്യ സര്‍വകലാശാല സെനറ്റംഗവും കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷന്‍ പ്രസിഡന്റുമായ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമിടയുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. അച്ചടക്ക നടപടികളില്‍ ചെയര്‍മാനെന്ന നിലയില്‍ കൃഷ്ണദാസ് നേരിട്ട് ഇടപെട്ടിരുന്നു.
വിദ്യാര്‍ഥികളെ മര്‍ദിക്കാനുള്ള ഇടിമുറിയെന്ന പേരിലാണു കോളജിലെ ബോര്‍ഡ് റൂം അറിയപ്പെട്ടിരുന്നത്. വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിനെ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് ജനുവരി ആറിന് പരീക്ഷയില്‍ ക്രമക്കേടു നടത്തിയെന്നാരോപിച്ചു പിടികൂടിയത്.
മതിയായ തെളിവില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടും ഇതു കൂട്ടാക്കാതെ മൂന്നു സെമസ്റ്റര്‍ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു. പരീക്ഷയില്‍ ക്രമക്കേടു കാട്ടിയെന്ന ആരോപണം വ്യാജമാണ്- സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."