ഗൗരി ലങ്കേഷ് വധം: പ്രധാനപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നവരില്‍ ഒരാളെ കൂടി കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനായ റുഷികേഷ് ദിയോദികര്‍ എന്ന മുരളിയാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് മുരളി. പ്രത്യേക അന്വേഷണ സംഘം 2018 നവംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 18ാം പ്രതിയായിരുന്നു ഇയാള്‍. ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയെന്നാണ് മുരളിയെ വിലയിരത്തുന്നത്. കൊലയാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തതും പരിശീലനവും തോക്കുകളും നല്‍കിയതും ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീട്ടില്‍ വെടിയേറ്റുമരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരിയെ മറഞ്ഞുനിന്ന അക്രമി വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ബംഗളൂരുവിലെ വീടിന് മുന്നില്‍വെച്ചായിരുന്നു അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്.
ഗൗരി ലങ്കേഷ് വധത്തിപിന്നിലുള്ളവവര്‍തന്നെയാണ് നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരെ, എം.എം. കലബുര്‍ഗി എന്നിവരുടെ വധത്തിനുപിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നാലുപേരുടെയും കൊലപാതകങ്ങള്‍ക്കുപയോഗിച്ച 7.65 എം.എം. തോക്കുകള്‍ കണ്ടെത്താന്‍ കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും അന്വേഷണസംഘങ്ങള്‍ക്കും സി.ബി.ഐ.ക്കും സാധിച്ചിട്ടില്ല. മുംബൈയിലെ വസൈ ക്രീക്കില്‍ തോക്കുകള്‍ മറവുചെയ്തതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."