പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ മാറ്റമില്ല
മുക്കം: പൊതു വിദ്യാലയങ്ങളില്‍ തുടര്‍ന്നുവരുന്ന വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ഇത്തവണയും മാറ്റമില്ല. സംസ്ഥാനത്താകമാനമുള്ള ഈ കൊഴിഞ്ഞുപോക്ക് മുക്കം ഉപജില്ലയിലും പ്രതിഫലിച്ചു. ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി ഇത്തവണ 1,749 വിദ്യാര്‍ഥികളുടെ കുറവാണുണ്ടായത്. കഴിഞ്ഞ അധ്യയന വര്‍ഷം 53 സ്‌കൂളുകളിലായി 13,952 വിദ്യാര്‍ഥികള്‍ പഠനം നടത്തിയിടത്ത് ഇത്തവണ 12,203 വിദ്യാര്‍ഥികളാണുള്ളത്.
സര്‍ക്കാര്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞപ്പോള്‍ എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ഥികള്‍ വര്‍ധിക്കുകയാണു ചെയ്തത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ കഴിഞ്ഞ തവണ 4,882 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ 4,696 വിദ്യാര്‍ഥികളാണുള്ളത്. 186 വിദ്യാര്‍ഥികളുടെ കുറവ്. എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ തവണ 6,337 വിദ്യാര്‍ഥികളുണ്ടായിരുന്നത് ഇത്തവണ 6,440 ആയി വര്‍ധിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ തവണ 1,077 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത് ഇത്തവണ 1,067 ആയാണു കുറഞ്ഞത്.
അതേസമയം, സര്‍ക്കാര്‍ വിദ്യാലയങ്ങളെ അപേക്ഷിച്ച് മുക്കം ഉപജില്ലയില്‍ എയ്ഡഡ് സ്‌കൂളുകളിലാണു ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്‌കൂളിനേക്കാള്‍ 116 വിദ്യാര്‍ഥികള്‍ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടി. ഉപജില്ലയിലെ മൊത്തം 21 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ 329 ആണ്‍കുട്ടികളും 321 പെണ്‍കുട്ടികളുമടക്കം 650 പേര്‍ പ്രവേശനം നേടി. 25 എയ്ഡഡ് സ്‌കൂളുകളില്‍ 364 ആണ്‍കുട്ടികളും 402 പെണ്‍കുട്ടികളുമടക്കം 766 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. അംഗീകാരമുള്ള ഏഴ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 125 ആണ്‍കുട്ടികളും 121 പെണ്‍കുട്ടികളുമടക്കം 246 പേരാണു പുതുതായി അഡ്മിഷന്‍ നേടിയത്. മൊത്തം ഒന്നാം ക്ലാസില്‍ 1,662 വിദ്യാര്‍ഥികളാണ് ഇത്തവണ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം തരത്തില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളിലാണ്. 88 വിദ്യാര്‍ഥികളാണ് ഇവിടെ അഡ്മിഷന്‍ നേടിയത്. ആനയാംകുന്ന് ജി.എല്‍.പി സ്‌കൂളില്‍ 79 പേരും കുമാരനെല്ലൂര്‍ ജി.എല്‍.പി യില്‍ 63 പേരും കൊടിയത്തൂര്‍ ജി.എം.യു.പിയില്‍ 54 പേരും ഈ വര്‍ഷം പുതുതായി പ്രവേശനം നേടി. അതേസമയം, ആനക്കാംപൊയില്‍ ജി.എല്‍.പി സ്‌കൂളില്‍ ഇത്തവണ അഞ്ചു വിദ്യാര്‍ഥികള്‍ മാത്രമാണു പ്രവേശനം നേടിയത്.
എയ്ഡഡ് സ്‌കൂളില്‍ നൂറില്‍പരം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ രണ്ട് സ്‌കൂളുകളുണ്ട്. സേക്രഡ് ഹാര്‍ട്ട് യു.പി തിരുവമ്പാടിയില്‍ 157 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പിയില്‍ 113 വിദ്യാര്‍ഥികളും പ്രവേശനം നേടി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സില്‍ 79 വിദ്യാര്‍ഥികളും എം.എം.ഒ എല്‍.പിയില്‍ 56 പേരും എം.കെ.യു.പി കൊടിയത്തൂരില്‍ 52 വിദ്യാര്‍ഥികളും ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിട്ടുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ വിവേകാനന്ദ വിദ്യാനികേതനില്‍ 70 വിദ്യാര്‍ഥികള്‍ ഇത്തവണ പുതുതായി പ്രവേശനം നേടിയപ്പോള്‍ തോട്ടുമുക്കം സാന്‍ തോം ഇ.എം.യു.പി സ്‌കൂളില്‍ 58 പേരും ചേന്ദമംഗല്ലൂര്‍ ഗുഡ് ഹോപ്പ് ഇ.എം.എല്‍.പിയില്‍ 44 പേരും കൊടിയത്തൂര്‍ സലഫി പ്രൈമറി സ്‌കൂളില്‍ 21 വിദ്യാര്‍ഥികളും പ്രവേശനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."