ബാബരി മസ്ജിദ് ഭൂമിതര്‍ക്കക്കേസ് പത്തിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി ജനുവരി 10ലേക്ക് മാറ്റി. കേസില്‍ അന്തിമ വാദം കേള്‍ക്കേണ്ട ബെഞ്ചിനെ അന്നു നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
ഒക്ടോബര്‍ 29ന് കേസ് പരിഗണിച്ച കോടതി ജനുവരി ആദ്യവാരം കേസിന്റെ അന്തിമവാദം തുടങ്ങേണ്ട തിയതിയും അന്തിമ വാദം കേള്‍ക്കേണ്ട ബെഞ്ചിനെയും തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ഹരജി ഇന്ന് പരിഗണനയ്ക്കു വന്നത്. അടുത്ത വ്യാഴാഴ്ച കേസിന്റെ അന്തിമ വാദം എന്നു തുടങ്ങുമെന്നും ഏതു ബെഞ്ച് വാദം കേള്‍ക്കണമെന്നും കോടതി തീരുമാനിക്കും.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച് നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസ് അതിവേഗം വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നിരന്തരം കോടതിയെ സമീപിച്ചിരുന്നു.
ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ നല്കിയ ഹരജികള്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ നല്കിയ ഹരജി നേരത്തെ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."