HOME
DETAILS
MAL
നടപ്പാക്കില്ലെന്ന് ആണയിടുമ്പോഴും നടപടികളുമായി സംസ്ഥാനം മുന്നോട്ട്
backup
January 11 2020 | 03:01 AM
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആണയിട്ട് പറയുമ്പോഴും ആവശ്യമായ നടപടികളുമായി കേരളത്തിലെ സെന്‍സസ് റീജ്യനല്‍ ഓഫിസ് മുന്നോട്ട്. എന്‍.പി.ആറിനായി മലയാളം ഉള്‍പ്പെടെ 16 ഭാഷകളിലായി കേന്ദ്രം തയാറാക്കിയിട്ടുള്ള ചോദ്യാവലി ഇപ്പോഴും സെന്‍സസ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍.പി.ആര്‍ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും അതിനുള്ള നടപടികളില്‍നിന്ന് കേന്ദ്രവും സെന്‍സസ് രജിസ്ട്രാറുടെ ഓഫിസും പിറകോട്ട് പോയിട്ടില്ലെന്നാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിലൂടെ വ്യക്തമാകുന്നത്.
എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിന്റെ തീരുമാനം സര്‍ക്കാര്‍ രേഖാമൂലം സെന്‍സസിന്റെ കേരളത്തിലെ മേഖലാ രജിസ്ട്രാര്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഈ ഉത്തരവ് മേഖലാ കേന്ദ്രത്തില്‍നിന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യക്കു കൈമാറുകയും ചെയ്തു. പക്ഷേ ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ ജനറലില്‍നിന്ന് ഇതുവരെ ഒരു തീരുമാനവും കേരളത്തിലെ മേഖലാ കേന്ദ്രത്തിനു ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്‍.പി.ആറുമായി ബന്ധപ്പെട്ട നടപടികളുമായി കേരളത്തിലെ മേഖലാ കേന്ദ്രം മുന്നോട്ടുപോകുകയുമാണ്.
സെന്‍സസിന്റെ ഭാഗമായി ആദ്യഘട്ടത്തിലാണ് ഹൗസ് ലിസ്റ്റിങ്ങും എന്‍.പി.ആറും തയാറാക്കുന്നത്. സെന്‍സസിനായി ഫീല്‍ഡ് ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ആളുകളെ നിര്‍ദേശിക്കാന്‍ കഴിഞ്ഞ മാസം തഹസില്‍ദാര്‍മാര്‍ കോളജുകള്‍ക്ക് കത്ത് അയച്ചിരുന്നു. ട്രെയിനര്‍മാരുടെ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 15ന് സെന്‍സസ് നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. എന്‍.പി.ആര്‍ മാത്രമായി എങ്ങനെ നിര്‍ത്തിവയ്ക്കുമെന്ന കാര്യത്തില്‍ സെന്‍സസിന്റെ കേരളത്തിലെ മേഖലാ ഓഫിസിനും നിശ്ചയമില്ല. കേന്ദ്രത്തില്‍നിന്ന് അറിയിപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും അതേരീതിയില്‍തന്നെയാണ് മുന്നോട്ടു പോകുന്നതെന്നാണ് മേഖലാ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വിവരം.
എന്‍.പി.ആറില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഫോറത്തില്‍ 14 ചോദ്യങ്ങളാണുള്ളത്. ഇതില്‍ ജന്മസ്ഥലം ഏതെന്ന പത്താമത്തെ ചോദ്യത്തിലാണ് ഇന്ത്യക്കകത്താണെങ്കില്‍, ഇന്ത്യക്ക് പുറത്താണെങ്കില്‍ എന്നിങ്ങനെ ഉപചോദ്യങ്ങളുള്ളത്. പതിനൊന്നാമത്തെ ചോദ്യത്തില്‍ പത്താമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയതു പ്രകാരം ദേശീയത ഏതെന്ന ചോദ്യത്തിന് ഇന്ത്യന്‍ അല്ലെങ്കില്‍ മറ്റുരാജ്യമാണ് ജന്മ സ്ഥലമെങ്കില്‍ അത് രേഖപ്പെടുത്താനാണ് പറഞ്ഞിരിക്കുന്നത്. ഈ ചോദ്യമാണ് എന്‍.ആര്‍.സിയുടെ ആദ്യപടിയാണ് എന്‍.പി.ആറെന്ന സൂചനകള്‍ നല്‍കുന്നത്.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) ആദ്യപടിയാണ് എന്‍.പി.ആര്‍ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഒക്ടോബറില്‍ രേഖ പുറത്തുവിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ എന്‍.പി.ആര്‍ വിവരങ്ങളെ അടിസ്ഥാനമാക്കി എന്‍.ആര്‍.സിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നിലപാട് മാറ്റിയെങ്കിലും കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ ഇതിനെതിരേ ശക്തമായി രംഗത്തുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."