ഏഷ്യന്‍ കപ്പിന് ഇന്ന് കിക്കോഫ്; രണ്ടും കല്‍പ്പിച്ച് ഇന്ത്യ
അബൂദബി: 17 മത് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് യു.എ.ഇയില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയരായ യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ ഏറ്റുമുട്ടും. നേരത്തേതില്‍നിന്ന് വ്യത്യസ്തമായി 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും 17മത് ഏഷ്യന്‍ കപ്പിനുണ്ട്. ഇതുവരെ 16 ടീമുകളായിരുന്നു ഏഷ്യന്‍ കപ്പ് അങ്കത്തില്‍ മാറ്റുരച്ചിരുന്നത്. യു.എ.ഇയില്‍ നടക്കുന്ന രണ്ടാമത് ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റാണിത്.
1996ലായിരുന്നു ഇതിന് മുമ്പ് യു.എ.ഇയില്‍ ഏഷ്യന്‍ കപ്പ് അരങ്ങേറിയത്. യുവനിരയുമായി എത്തിയ ഇന്ത്യ മികച്ച പ്രതീക്ഷയിലാണുള്ളത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമാണ് ഇത്തവണത്തേത് എന്നാണ് പരിശീലകന്‍ കോണ്‍സ്റ്റന്റൈന്റെ വിശദീകരണം. 2011ന് ശേഷം ആദ്യമായി ഏഷ്യന്‍ കപ്പിനെത്തുന്ന ഇന്ത്യ ആദ്യ റൗണ്ടെന്ന കടമ്പ കടക്കാനുള്ള തീവ്രശ്രമത്തിലാണ്. തായ്‌ലന്‍ഡ്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഈ ഗ്രൂപ്പില്‍നിന്ന് ഗ്രൂപ്പ് ചാംപ്യന്മാരോ രണ്ടാം സ്ഥാനക്കാരോ ആയാല്‍ മാത്രമേ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുകയുള്ളു.
നാളെ വൈകിട്ട് 5.30ന് നാണ് ഇന്ത്യയുടെ ആദ്യ മത്സരം. തായ്‌ലന്‍ഡിനെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. ജനുവരി 10ന് യു.എ.ഇയുമായിട്ടും 14ന് ബഹ്‌റൈനുമായിട്ടുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി മാത്രമാണ് മുന്‍പ് ഏഷ്യാകപ്പ് കളിച്ച് പരിചമുള്ള താരമായിട്ട് ഇന്ത്യന്‍ നിരയിലുള്ളത്.
മലയാളികളായ ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരും ഇന്ത്യയുടെ നീലക്കുപ്പായമണിയുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം ഷാര്‍ജയിലും ബാക്കി രണ്ട് മത്സരങ്ങള്‍ അബൂദബിയിലുമാണ് നടക്കുക. സമീപകാലത്ത് അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യക്ക് രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്ന പ്രതീക്ഷയുണ്ട്.
അതേസമയം, കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന യു.എ.ഇ യെ മറികടക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാകും ഇന്ത്യക്ക്. എ.സി മിലാന്‍, ഇന്റര്‍മിലാന്‍ ടീമുകളെ പരിശീലിപ്പിച്ചിരുന്ന ആല്‍ബര്‍ട്ടോ സാചറോണിക്ക് കീഴിലാണ് യു.എ.ഇ ഒരുങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏഷ്യാകപ്പിനെത്തുന്ന തായ്‌ലന്‍ഡും മികച്ച പ്രതീക്ഷയിലാണ്.
യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തായ്‌ലന്‍ഡിനായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു ടീമായ ബഹ്‌റൈന്‍ ആറാം തവണയാണ് ഏഷ്യന്‍ കപ്പില്‍ പന്തു തട്ടാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."