തട്ടിപ്പുകേസിലെ പ്രതികളായ പൊലിസുകാരെ തൊടുപുഴയിലെത്തിച്ച് ചോദ്യം ചെയ്തു
തൊടുപുഴ: മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ അംഗമെന്നു ഭീഷണിപ്പെടുത്തി കഞ്ചാവ് കച്ചവടക്കാരനില്‍നിന്ന് 96000 രൂപ തട്ടിയെടുത്ത കേസില്‍ പാലക്കാട്ട് അറസ്റ്റിലായ ഇടുക്കിയിലെ മൂന്നു പൊലിസുകാരെ തൊടുപുഴ പൊലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കുളമാവ് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായിരുന്ന തൊടുപുഴ കുമ്മംകല്ല് മാളിയേക്കല്‍ നൂര്‍ സമീര്‍ (45), സിവില്‍ പൊലിസ് ഓഫിസര്‍മാരായ പെരുമ്പള്ളിച്ചിറ സ്വദേശി മുജീബ് റഹ്മാന്‍ (29), കണ്ണൂര്‍ സ്വദേശി സുനീഷ്‌കുമാര്‍ (31) എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. തൊടുപുഴയിലെ വ്യാപാരിയുടെ മകനെ കഞ്ചാവു കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25000 രൂപ വാങ്ങിയതും കുബേര കേസില്‍ കുടുങ്ങിയ പലിശക്കാരനെ വീണ്ടും കേസില്‍ കുടുക്കുമെന്ന് പറഞ്ഞു 10000 രൂപ ആവശ്യപ്പെട്ടതുമായ കേസിലാണ് ചോദ്യം ചെയ്തത്. ഇവര്‍ പൊലിസുകാരായി വിലസിയിരുന്ന അതേസ്ഥലത്ത് പ്രതികളായി എത്തിച്ച് ചോദ്യം ചെയ്തത് സഹപ്രവര്‍ത്തകരില്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി. സഹപ്രവര്‍ത്തകര്‍ തന്നെയാണ് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
പാലക്കാട് ജയിലിലായിരുന്ന ഇവരെ തൊടുപുഴ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പാലക്കാട് പൊലിസാണ് ഇവരെ കഴിഞ്ഞ ദിവസം മുവാറ്റുപുഴ ജയിലില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ മുട്ടം കോടതിയില്‍ ഹാജരാക്കി. ഇവിടെ നിന്നാണ് തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. വിവരങ്ങള്‍ ശേഖരിച്ച ശേഷം വൈകിട്ട് അഞ്ചിന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് വീണ്ടും പാലക്കാട്ടേക്ക് കൊണ്ടുപോയി. ഇന്ന് ഇവരെ പാലക്കാട് കോടതിയില്‍ ഹാജരാക്കും. കഞ്ചാവുകേസില്‍ ജാമ്യത്തിലിറങ്ങിയ കൊടുവായൂര്‍ സ്വദേശി രാജേഷിനെ വീണ്ടും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പൊലിസുകാര്‍ക്കെതിരായ കേസ്.
ഇവരെ കൂടാതെ കഞ്ചാവ് വില്‍പനക്കാരനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പെരുമ്പള്ളിച്ചിറ സ്വദേശി റിസ്‌വാനെയും പാലക്കാട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പൊലിസുകാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പ്രത്യേക പൊലിസ് സംഘം രഹസ്യമായി അന്വേഷണം നടത്തിവരികയാണ്. പണം കൈപ്പറ്റിയതായി കൃത്യമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ കേസെടുത്തത്. പരാതിക്കാരെ കഴിഞ്ഞ ദിവസം പാലക്കാട് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് കോടതി രണ്ടുതവണ തള്ളി. പാലക്കാട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."