വാടാനപ്പള്ളിയിലെ സംഘര്‍ഷം: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വാടാനപ്പള്ളി: കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ വാടാനപ്പള്ളി ഗണേശമംഗലത്ത് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ നാലു പേരെ വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് പുതിയവീട്ടില്‍ ഫൈസല്‍ (41), വാടാനപ്പള്ളി ബീച്ച് പുതിയവീട്ടില്‍ മൊയ്നുദ്ദീന് (26), കാട്ടൂര്‍ പൊഞ്ഞനം കല്ലിങ്കല്‍ നവാബ് (45), തളിക്കുളം കൈതയ്ക്കല്‍ നോര്‍ത്ത് പണിക്കവീട്ടില്‍ ഫായിസ് (33) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മൂന്നിനു ഉച്ചയ്ക്ക് 12നായിരുന്നു കേസിനാസ്പദമായ സംഭവം. ഫായിസിന്റെ ഉടമസ്ഥതയിലുള്ള ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടലിനു സംരക്ഷണം നല്‍കാനായി എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ അനുകൂലികളായ ബി.ജെ.പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. ബി.ജെ.പിക്കാരായ രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ഒരാളെ കത്തികൊണ്ട് വരഞ്ഞ് മുറിവേല്പിക്കുകയും ചെയ്തു. കല്ലേറില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൂടി പരുക്കേറ്റു. 50ഓളം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും വിവിധ കേന്ദ്രങ്ങളില്‍ പൊലിസ് പിക്കറ്റ് തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."