ശരിക്കും നിങ്ങളുടെ പ്രായമെത്രയാണ്...?
'നൂറാം വയസില്‍ അന്തരിച്ചു..', 'ലോകമുത്തശ്ശി ഇനി ഓര്‍മ..', 'അഞ്ചു തലമുറകളുടെ പിതാവ് ഓര്‍മയായി..', '......നവതിയുടെ നിറവില്‍.'
മാധ്യമങ്ങളില്‍ ഇടം പിടിക്കാറുള്ള ചില തലക്കെട്ടുകളാണിവ. കാണുമ്പോള്‍ കൗതുകം ജനിക്കുമെന്നതു ശരിതന്നെ.
പക്ഷെ, ഒരു ചോദ്യം..
ഒരാള്‍ ദീര്‍ഘായുഷ്മാനാകുന്നത് വല്ല യോഗ്യതയുമാണോ...? കൂടുതല്‍ കാലം ജീവിച്ചു എന്നത് എടുത്തു പറയാന്‍ മാത്രമുള്ള നേട്ടമാണോ...?
ഒരു അറബി കവിയുടെ വരികള്‍ കാണുക:
ഖുല്‍ ലില്ലദീ അഹ്‌സ്വസ്സിനീന മുഫാഖിറാ
യാ സ്വാഹി ലൈസസ്സിര്‍റു ഫിസ്സനവാതി
ലാകിന്നഹു ഫില്‍ മര്‍ഇ കൈഫ യഈശുഹാ
ഫി യഖ്‌ളതിന്‍ അം ഫീ അമീഖി സുബാതി
(വലിയ അഭിമാനത്തോടെ വര്‍ഷങ്ങളെണ്ണുന്നവനോട് പറഞ്ഞേക്കൂ: സുഹൃത്തേ, വര്‍ഷങ്ങളിലല്ല കാര്യം. മറിച്ച്, കിട്ടിയ വര്‍ഷങ്ങളെ എങ്ങനെ ജീവിച്ചുതീര്‍ത്തു...? ഉണര്‍ന്നാണോ അതോ ഗാഢനിദ്രയിലാണോ ജീവിതം തീര്‍ത്തത്..? ഇതാണ് നോക്കുക)
എത്ര വയസായി എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണു ചോദിക്കേണ്ടത്. ചിലര്‍ കുറഞ്ഞ കാലം മാത്രമേ ജീവിച്ചിട്ടുണ്ടാവുകയുള്ളൂ. പക്ഷെ, തലമുറകളെത്ര കഴിഞ്ഞാലും ജനമനസുകളില്‍ അവര്‍ ജീവിച്ചുകൊണ്ടിരിക്കും.. ചിലര്‍ ഒരു നൂറ്റാണ്ടിലേറെ ജീവിച്ചിട്ടുണ്ടാകും. എന്നാല്‍ ജീവിതകാലത്തുതന്നെ അവരെ ആരും അറിഞ്ഞിട്ടുണ്ടാകില്ല. സ്വന്തം മക്കള്‍ പോലും അവരെ ഓര്‍ക്കുന്നത് അപൂര്‍വമായിരിക്കും..
പ്രവാചകാനുചരനായ സൈദ് ബിന്‍ ഥാബിതിനെ കേട്ടിട്ടില്ലേ.. തന്റെ പത്താം വയസിലാണ് അദ്ദേഹം പ്രവാചകാനുയായിയായത്. പുണ്യപ്രവാചകര്‍ക്ക് വരുന്ന ദിവ്യബോധനങ്ങള്‍ എഴുതാന്‍ തുടങ്ങിയത് പതിനേഴാം വയസില്‍. ഖലീഫ സുദ്ധീഖുല്‍ അക്ബറിന്റെ നിര്‍ദേശപ്രകാരം വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിച്ചത് ഇരുപത്തിയൊന്നാം വയസില്‍...!
കനപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങള്‍ എഴുതിയ ഇമാം നവവി നാല്‍പത്തിയഞ്ചു വയസ് മാത്രമേ ജീവിച്ചുള്ളൂ. അറബി സാഹിത്യത്തിലെ സാമ്രാട്ടായിരുന്ന ഇബ്‌നുല്‍ മുഖഫ്ഫഅ് മുപ്പത്തിയാറു വയസു മാത്രമാണു ജീവിച്ചത്. സുപ്രസിദ്ധ കവിയായിരുന്ന ത്വര്‍ഫതുബ്‌നുല്‍ അബ്ദിന്റെ പ്രായം ഇരുപത്തിയാറു മാത്രം. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കരുത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്നു. യോദ്ധാവായിരുന്ന മുഹമ്മദുല്‍ ഫാതിഹ് സൈന്യസമേതം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം ഇരുപത്തിമൂന്ന്..!
ആയുസ് കൂടുന്നതും കുറയുന്നതുമല്ല, കിട്ടിയ ആയുസ് എങ്ങനെ ജീവിച്ചുതീര്‍ക്കുന്നു എന്നതിനാണ് പരിഗണന. ആയുസ് കൂടിയതുകൊണ്ടുമാത്രം ആര്‍ക്കും ഒന്നും കൂടില്ല. ആയുസ് കുറഞ്ഞതുകൊണ്ടു മാത്രം ആര്‍ക്കും ഒരു കുറവും വരില്ല. ഒന്നും ചെയ്യാതെ കുറെ വര്‍ഷം ജീവിച്ചിട്ടെന്തു കാര്യം...?
വൃക്ഷത്തിനെത്ര വയസ് എന്നല്ല, എത്രത്തോളം ഫലം നല്‍കുന്നുണ്ടെന്നതാണ് നോക്കുക. കാര്‍മേഘം എത്ര നേരം മാനത്ത് നില്‍ക്കുന്നു എന്നല്ല, എത്രത്തോളം മഴയും തണലും നല്‍കുന്നു എന്നതാണു നോക്കുക. എത്ര വയസായാലും പശു പാല്‍ തരുമോ എന്നാണറിയേണ്ടത്. വിദേശത്തു പോയി ദീര്‍ഘകാലം കഴിഞ്ഞെന്നു കരുതുക. ആളുകള്‍ക്കറിയേണ്ടത് നിങ്ങള്‍ എത്രകാലം പ്രവാസിയായി എന്നല്ല, എന്തൊക്കെയുണ്ടാക്കി എന്നാണ്.
ഓരോ സെക്കന്റുകള്‍ക്കും നിങ്ങളെ കുറിച്ച് പറയാനുണ്ടെങ്കില്‍ നിങ്ങളാണ് വിജയി. ജീവിക്കുന്ന ഓരോ നിമിഷത്തിലും സൃഷ്ടിപരമായ അടയാളങ്ങള്‍ ബാക്കിവച്ച് കടന്നുപോകുന്നുവെങ്കില്‍ അതിലും വലിയ നേട്ടം മറ്റെന്തുണ്ട്..
കവിയുടെ വരികള്‍ നോക്കൂ:
ഇദാ മര്‍റ ബീ യൗമുന്‍ വലം അസ്തഫിദ് ഹുദാ
വലം അക്തസിബ് ഇല്‍മന്‍ ഫമാ ദാക മിന്‍ ഉംരീ
(സന്മാര്‍ഗം നേടുകയോ ജ്ഞാനം ആര്‍ജിക്കുകയോ ചെയ്യാത്ത ഒരു ദിനം എന്നിലൂടെ കടന്നുപോയാല്‍ അതെന്റെ ആയുസില്‍പെട്ട ദിനമല്ല.)
ഒരിക്കലും തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ ഒരു വസ്തുവിനെ കുറിച്ച് ഇനി അതെന്റെതാണെന്നു പറഞ്ഞുനടന്നിട്ടെന്തു കാര്യം..? അതു നിങ്ങളുടെതാകുന്നതും ആകാതിരിക്കുന്നതും തുല്യമല്ലേ.. കിട്ടിയ ആയുസ് മുഴുവന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞിട്ടുണ്ടെങ്കില്‍ ഇനി അത്രയും കാലം ഞാന്‍ ജീവിച്ചു എന്നു പറയുന്നതിലുണ്ടോ വല്ല അര്‍ഥവും..? നൂറു വര്‍ഷം ജീവിച്ചിട്ട് ഒന്നും ചെയ്യാതെ മരിച്ചുപോയവനും തീരെ ജനിച്ചിട്ടില്ലാത്തവനും തമ്മില്‍ എന്തു വ്യത്യാസം...? രണ്ടു പേരും ജീവിച്ചു എന്നതിന് യാതൊരു തെളിവുമില്ല..!
നഷ്ടപ്പെടുത്തിയ നിമിഷങ്ങളെ ആയുസിലേക്കു ചേര്‍ക്കുന്നതില്‍ കാര്യമില്ല. സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിച്ച നിമിഷങ്ങളാണ് നിങ്ങളുടെ ആയുസ്. എങ്കില്‍ അന്‍പതു വര്‍ഷം ജീവിച്ച നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര പ്രായമായിട്ടുണ്ടാകുമെന്ന് ചിന്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."