ഒഞ്ചിയത്ത് വീടിനു നേരെ ബോംബേറ്; പ്രതിഷേധ പ്രകടനം നടത്തി
വടകര: ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറില്‍ വ്യാപക പ്രതിഷേധം. പടന്നകുനി ബാബുവിന്റെ വീടിനു നേരെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബ്് പൊട്ടിയെങ്കിലും ആളപായം ഒഴിവായി. ബാബു ജനതാദള്‍ (യു) അനുഭാവിയും മക്കളായ വിജീഷും വിജേഷും ആര്‍.എം.പിഐ പ്രവര്‍ത്തകരുമാണ്. ബൈക്കില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. ഹൃദ്രോഗത്തിന് ശസ്ത്രക്രിയക്ക് തയാറെടുക്കുന്ന കുഞ്ഞിനെ കിടത്തിയ മുറിയുടെ ചുമരിലാണ് ബോംബ് പതിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം കേള്‍ക്കാമായിരുന്നു. ചോമ്പാല പൊലിസ് സ്ഥലത്ത് എത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍.എം.പി.ഐയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. അക്രമത്തെ കെ.കെ രമ അപലപിച്ചു. ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്‌കരന്‍, പി.കെ കുഞ്ഞിക്കണ്ണന്‍, എ.ടി ശ്രീധരന്‍, വി.കെ സന്തോഷ്, കെ.കെ കൃഷ്ണന്‍, ആര്‍.എം.പി.ഐ നേതാക്കളായ എന്‍.വേണു, കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
വടകര: ഒഞ്ചിയത്തും പരിസര പ്രദേശങ്ങിലും കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സി.പിഎം കേന്ദ്രങ്ങളില്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒഞ്ചിയം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."