അവശിഷ്ടം 76,350 ടണ്‍
കൊച്ചി: മരടില്‍ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും മണ്ണടിഞ്ഞതോടെ അവശിഷ്ടം 76,350 ടണ്‍ ആയി. ഏറ്റവും കൂടുതല്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് അവശിഷ്ടമുള്ളത് ജെയിന്‍ കോറല്‍കോവ് നിന്ന സ്ഥലത്താണ്. 17 നിലകളായി 55 മീറ്റര്‍ ഉയരമുണ്ടായിരുന്ന ഈ ഫ്‌ളാറ്റ് മണ്ണുപറ്റിയപ്പോള്‍ ഏഴുനിലയുടെ ഉയരത്തിലാണ് കെട്ടിടാവശിഷ്ടം. ഗോള്‍ഡന്‍ കായലോരം നിന്ന സ്ഥലത്താണ് ഏറ്റവും കുറവ് ഉയരത്തില്‍ കോണ്‍ക്രീറ്റ് അവശിഷ്ടമുള്ളത്. ജെയിന്‍ കോറല്‍കോവിന്റെ ഉയരം ഉണ്ടായിരുന്നെങ്കിലും കെട്ടിടാവശിഷ്ടം മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലേ ഉള്ളൂ. ഫ്‌ളാറ്റുകള്‍ കുറവായതാണ് കാരണം. ആല്‍ഫ വെഞ്ചേഴ്‌സ് നിന്ന സ്ഥലത്ത് മൂന്നുനിലയുടെ ഉയരത്തിലാണ് അവശിഷ്ടം. ഹോളിഫെയ്ത്തിലാവട്ടെ നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് കോണ്‍ക്രീറ്റ് മാലിന്യം ശേഷിക്കുന്നത്.
ജെയിന്‍ കോറല്‍കോവ് 26,500 ടണ്‍ അവശിഷ്ടം ശേഷിച്ചപ്പോള്‍ ആല്‍ഫ വെഞ്ചേഴ്‌സ് 21,400 ടണ്‍, എച്ച്.ടു.ഒ ഹോളിഫെയ്ത്ത് 21,450 ടണ്‍, ഗോള്‍ഡന്‍ കായലോരം7100 ടണ്‍ എന്നിങ്ങനെയാണ് കണക്ക്.
ഓരോ ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും അവശിഷ്ടങ്ങള്‍ നീക്കാനായി അഞ്ച് ടിപ്പര്‍ ലോറികള്‍ വീതമാണ് നിയോഗിക്കപ്പെടുക. ഒരു ടിപ്പര്‍ ലോറിയില്‍ 18 മുതല്‍ 20 ടണ്‍ വരെ (15 ക്യൂബിക് മീറ്റര്‍) കോണ്‍ക്രീറ്റ് മാലിന്യം വഹിക്കാനാകും. ഇങ്ങനെ 70 ദിവസം കൊണ്ട് മാലിന്യം നീക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാലിന്യം നീക്കാന്‍ 35.16 ലക്ഷത്തിന്റെ കരാര്‍ എടുത്തിരിക്കുന്ന പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി വിവിധ സ്ഥലങ്ങളിലായി നാലു കേന്ദ്രങ്ങളിലേക്കാവും അവശിഷ്ടങ്ങള്‍ മാറ്റുക. ഇതില്‍ കോണ്‍ക്രീറ്റ് ഒഴികെയുള്ള വസ്തുക്കള്‍ പുനരുപയോഗിക്കാം. കോണ്‍ക്രീറ്റ് ക്രഷര്‍ യൂനിറ്റുകളിലൂടെ പൊടിച്ച് എം സാന്‍ഡാക്കാനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."