തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് നിര്‍മിച്ചത് 1800 കെട്ടിടങ്ങള്‍
ഗിരീഷ് കെ.നായര്‍
കൊച്ചി: തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തി നിര്‍മിച്ച കെട്ടിടങ്ങള്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് കണക്കുകള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 1800 കെട്ടിടങ്ങള്‍ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവയുടെ പട്ടിക ഉടന്‍ തയാറാകും. അതത് ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ആറ് കോര്‍പറേഷനുകള്‍, 36 മുനിസിപ്പാലിറ്റികള്‍, 245 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നത്.
ഈ ജില്ലകളിലെ നിരവധി അനധികൃത നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും പലപ്പോഴായി ക്രമപ്പെടുത്തി നല്‍കിയിരുന്നു.
എന്നാല്‍, സുപ്രിംകോടതി ഇടപെട്ട പുതിയ അന്തരീക്ഷത്തില്‍ അത്തരം കെട്ടിടങ്ങളും പൊളിക്കേണ്ടിവരുമെന്നാണ് സൂചന. പഞ്ചായത്തുകളിലെ അനധികൃത കെട്ടിടങ്ങളില്‍ മിക്കവയും 1,000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളാണ്.
നിയമം ലംഘിച്ചുള്ള കെട്ടിടങ്ങള്‍ ഒറ്റനില, വാണിജ്യസമുച്ചയം, വന്‍കിട പാര്‍പ്പിടസമുച്ചയം എന്നിങ്ങനെ തിരിച്ചാണ് കണക്കെടുക്കുന്നത്.
ഇവയില്‍ കടുത്ത നിയമലംഘനങ്ങള്‍ ബോധ്യപ്പെടുന്നവ പ്രത്യേകം രേഖപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള രേഖകളും പരിശോധിക്കും.
അതിനിടെ, ലിസ്റ്റില്‍ ഉള്‍പ്പെട്ട ചില കെട്ടിടങ്ങള്‍ക്ക് തീരപരിപാലന മാനേജ്‌മെന്റ് അതോറിറ്റിയുടേയോ കോടതിയുടെയോ അനുമതി ലഭിച്ചിട്ടുണ്ടെന്നതിന്റെ മറപറ്റി നിയമലംഘകരെ സംരക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കൊച്ചി കോര്‍പറേഷനില്‍ 93 അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തിയപ്പോള്‍ മരട് മുനിസിപ്പാലിറ്റിയില്‍ 41 കെട്ടിടങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ വന്‍കിട ഫ്‌ളാറ്റുകളും ഉള്‍പ്പെടുന്നതായി വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."