രാജപുരം പ്രീമെട്രിക്ക് ഹോസ്റ്റലില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
രാജപുരം: പ്രീമെട്രിക് ഹോസ്റ്റലില്‍ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് നീങ്ങുന്നു. 30 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഇവിടെ കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് പത്തോളം കുട്ടികള്‍ സ്വന്തം വീടുകളിലേക്കു താമസം മാറി. മറ്റു കുട്ടികള്‍ ഏതു നിമിഷവും ഹോസ്റ്റല്‍ ഒഴിയേണ്ട സാഹചര്യമാണുള്ളത്. ഹോസ്റ്റല്‍ വളപ്പില്‍ കിണറുണ്ടെങ്കിലും കാടുമുടി വശങ്ങള്‍ ഇടിഞ്ഞു വീണ് പാതി മൂടിയ അവസ്ഥയിലാണ്. ഇതില്‍ ധാരാളം വെള്ളമുണ്ടെങ്കിലും നന്നാക്കിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു രക്ഷിതാക്കള്‍ പറയുന്നു. ഇത് നന്നാക്കിയെടുക്കാന്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടെങ്കിലും തുക അപര്യാപ്തമായതിനാല്‍ ആരും ജോലി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. ഈ കിണര്‍ ഉപയോഗശൂന്യമായിട്ടു വര്‍ഷങ്ങളായെങ്കിലും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
സമീപത്തെ രാജപുരം പൊലിസ് സ്റ്റേഷനില്‍ നിന്നാണ് ഇപ്പോള്‍ ഹോസ്റ്റലിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. ഇവിടെയും ജലലഭ്യത കുറഞ്ഞു വരുന്നതിനാല്‍ ഹോസ്റ്റലിലേക്കെടുക്കുന്ന വെള്ളത്തിനു നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം വന്നതോടെയാണ് വിദ്യാര്‍ഥികള്‍ക്കു വീടുകളിലേക്കു പോകേണ്ട അവസ്ഥ സംജാതമായിരിക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കുളത്തിലാണ് വിദ്യാര്‍ഥികള്‍ കുളിക്കുന്നത്. കിണര്‍ ഇവിടെയുണ്ടായിട്ടും ഇത് വൃത്തിയാക്കിയെടുത്ത് ഉപയോഗിക്കുന്നതിനുപകരം കുട്ടികളെ വീടുകളിലേക്ക് പറഞ്ഞയക്കുന്നതിനെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കല്ലപ്പള്ളി, കാഞ്ഞിരപ്പൊയില്‍, പരപ്പച്ചാല്‍, ബളാല്‍, കമ്മാടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ കൂടുതലായുള്ളത്. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇപ്പോള്‍ വീടുകളില്‍പ്പോയി വരുന്നത്. മറ്റ് കുട്ടികള്‍ക്ക് കൂടി ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ ദിവസവും ബസിനു 50- 70 കിലോമീറ്റര്‍ യാത്ര ചെയ്ത് കുട്ടികള്‍ സ്‌കൂളില്‍ എത്തേണ്ടി വരും. പരീക്ഷയടുത്ത സാഹചര്യത്തില്‍ ഇങ്ങനെയുള്ള ദീര്‍ഘദൂരയാത്ര കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കേരള ദളിത് സേവ് സൊസൈറ്റി ഈ വിഷയം ഏറ്റെടുത്ത് പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."