ആര്‍ ബ്ലോക്കിനായി പ്രത്യേക കാര്‍ഷിക പാക്കേജ്: മന്ത്രി വി.എസ്. സുനില്‍കുമാര്‍
കുട്ടനാട്: ആര്‍ ബ്ലോക്കില്‍ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കാര്‍ഷികവികസനകര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനില്‍ കുമാര്‍. ആര്‍ ബ്ലോക്കിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചശേഷം കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് നെല്‍കൃഷിയും കരക്കൃഷിയുംകൊണ്ട് സമ്പന്നമായിരുന്ന ആര്‍ ബ്ലോക്കിലെ 1450 ഏക്കറിലെ കാര്‍ഷിക പ്രതാപം സമയബന്ധിതമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. അടുത്ത നിയമസഭ സമ്മേളനത്തിലും ബജറ്റിലും പാക്കേജ് സംബന്ധിച്ച സംബന്ധിച്ച പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് പ്രത്യേക കാര്‍ഷിക മേഖലകള്‍(അഗ്രി സോണ്‍) പ്രഖ്യാപിക്കുമ്പോള്‍ ഈ മേഖലയെ അതില്‍ ഉള്‍പ്പെടുത്തും. പ്രത്യേക പാക്കേജ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവം, റവന്യൂ, ഊര്‍ജം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് തിരുവനന്തപുരത്ത് ഉടന്‍ ഉന്നതതല യോഗം വിളിക്കുമെന്നും കര്‍ഷകരുമായി പിന്നീട് വിശദമായ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ ബ്ലോക്കില്‍ കൃഷിയിറക്കുന്നതിനായി കൃഷി വകുപ്പ് ഹെലിക്യാം സര്‍വേ നടത്തി പ്രത്യേക പദ്ധതി തയാറാക്കും. ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി മികച്ച കാര്‍ഷിക പ്രവര്‍ത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി കാര്‍ഷിക വിപണിയായി കൂടി ഇതിനെ മാറ്റും. ഹോളണ്ട് മാതൃകയിലുള്ള കൃഷി രീതിയെ സംരക്ഷിച്ച് ഫാം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തും. പമ്പിങ്ങിനും മറ്റും സൗരോര്‍ജമുപയോഗപ്പെടുത്താനുള്ള സാധ്യതയും തേടുമെന്നും മന്ത്രി പറഞ്ഞു.
റാണി, ചിത്തിര കായലുകളെ ജൈവ നെല്‍വിത്ത് ഉല്‍പാദന കേന്ദ്രങ്ങളാക്കും
കുട്ടനാട്: റാണി, ചിത്തിര കായല്‍ പാടശേഖരങ്ങളെ ജൈവ നെല്‍വിത്ത് ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്തെ കൊയ്ത്ത് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ പരിശോധന ഉടന്‍ നടത്തും. കുട്ടനാട്ടില്‍ വിത്ത് ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം റാണിചിത്തിര ബ്ലോക്കുകളെ ജൈവ നെല്‍വിത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമം. സംസ്ഥാനത്ത് നെല്‍വിത്ത് ഉത്പാദനത്തിനായി 3,800 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. വരള്‍ച്ചമൂലം പലയിടത്തും കൃഷി ഇറക്കാനായില്ല. 770 ഹെക്ടറായി ഇതു ചുരുങ്ങി.
അടുത്ത സീസണില്‍ 10,000 ടണ്‍ നെല്‍വിത്താണ് വേണ്ടത്. നിലവില്‍ 3,800 ടണ്‍ മാത്രമാണുള്ളത്. വിത്ത് ലഭ്യമാക്കുന്നതിനായി ദേശീയ സീഡ് അതോറിറ്റിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. വിത്തിന്റെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.
വരള്‍ച്ച കൃഷിയെയും ഉത്പാദനത്തെയും സാരമായി ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. വരള്‍ച്ച മൂലം പാലക്കാട് ജില്ലയില്‍ 10,000 ഹെക്ടറില്‍ കൃഷിയിറക്കാനായിട്ടില്ല. തൃശൂരും ഈ അവസ്ഥയാണുള്ളത്. അസാധാരണമായ വിളനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരെ ഡല്‍ഹിയിലെത്തി കാണും.
സര്‍ക്കാര്‍ 15,000 ഏക്കര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കി. 90,000 ഹെക്ടര്‍ സ്ഥലം നിലവില്‍ തരിശുകിടക്കുന്നു. ഒരിഞ്ചുഭൂമി പോലും തരിശിടാതെ കൃഷിയിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൃഷി ഭൂമി കര്‍ഷകന് എന്നതു മാത്രമല്ല കൃഷി ഭൂമി കൃഷിക്കു മാത്രം എന്ന മുദ്രാവാക്യം കൂടി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.
കൃഷി ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അനുവദിക്കില്ല. കൃഷി നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ച് പുതുതലമുറയെ കൃഷിയില്‍നിന്ന് അകറ്റുന്ന പ്രവണത മാറ്റണം. കൃഷിയെ സാമൂഹിക ഉത്തരവാദിത്തമായി കാണണമെന്നും പാടം നികത്തല്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."