എടക്കഴിയൂര്‍ ബീച്ചിലെത്തിയ കടലാമ ഇട്ടത് 91 മുട്ട
ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചിലെത്തിയ കടലാമ 91 മുട്ടയിട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒലീവ് റിഡ് ലി ഇനത്തില്‍പെട്ട കടലാമയാണ് എടക്കഴിയൂര്‍ കടപ്പുറത്ത് മുട്ടയിടാനെത്തിയത്. ഗ്രീന്‍ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ പ്രവര്‍ത്തകരായ സലിം എടക്കഴിയൂര്‍, ഇജാസ്, റഷീക്ക്, നജാദ് എന്നിവരുടെ നേതൃത്വത്തില്‍ കടലാമയിട്ട 91 മുട്ടകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇനി 45നാള്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ മണല്‍ കൂട്ടില്‍ നിന്നും പുറത്തുവരുമെന്ന് കടലാമ സംരക്ഷകനും ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍. ജെയിംസ് പറഞ്ഞു. കേരളത്തില്‍ ഏറ്റവും കുടുതല്‍ കടലാമകള്‍ മുട്ടയിടാനെത്തുന്നത് ചാവക്കാടാണെന്നും അദ്ദേഹം പറഞ്ഞു.
എടക്കഴിയൂരീന് പുറമെ പുത്തന്‍ കടപ്പുറത്തും ബ്ലാങ്ങാടും കടലാമകള്‍ കൂടു വച്ചിട്ടുണ്ട്. കടലിലുണ്ടാകുന്ന ചുഴലികാറ്റ്, കടലിലെ നീരൊഴുക്കുകള്‍ എന്നിവയെല്ലാം കടലാമകളുടെ വരവിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചാവക്കാട്ടെ കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."