നാടന്‍ തോക്കില്‍നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്
കല്‍പ്പറ്റ: കാട്ടാന ആക്രമിച്ചെന്ന പേരില്‍ ഗുരുതര പരുക്കോടെ ചികിത്സ തേടിയ യുവാവിന്റെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയക്കിടെ വെടിയുണ്ട കണ്ടെടുത്തു. വാകേരി തേന്‍കുഴി കറുപ്പന്‍കാരായില്‍ ചന്ദ്രന്റെ മകന്‍ പ്രദീപി(22)നാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിന്റെ പിതൃസഹോദരനായ കുഞ്ഞിരാമ(48)നെ തോക്ക് സഹിതം പൊലിസ് കസ്റ്റഡിയിലെടുത്തു.
പ്രദീപ് ഗുരുതരാവസ്ഥയില്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, നായാട്ടിനിടെ സംഘം കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് സംഭവമെന്ന് സംശയിക്കുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് പ്രദീപിനെ വയറിനേറ്റ മാരക മുറിവോടെ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് നടന്ന ശസ്ത്രക്രിയയില്‍ വയറിനുള്ളില്‍ നിന്നു വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രദീപിന്റെ പിതൃസഹോദരനെ തോക്ക് സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: വാകേരിക്കടുത്തുള്ള തേന്‍കുഴി കുറുമ കോളനിയില്‍ നിന്നും നായാട്ടിന് പോയ സംഘത്തില്‍ ഉള്‍പെട്ട പ്രദീപും സംഘവും തിങ്കളാഴ്ച രാത്രി ഒന്നരയോടെ സ്വകാര്യ തോട്ടത്തിനോട് ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോള്‍ കട്ടാനക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന കുഞ്ഞിരാമന്‍ കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാനായി വെടിയുതിര്‍ത്തപ്പോള്‍ ഉന്നം തെറ്റി പ്രദീപന്റെ ദേഹത്ത് കൊള്ളുകയായിരുന്നു.
ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ വാരിയെല്ലിനും, കരളിനും പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."