സദാചാര വേട്ട ഫേസ്ബുക്കില്‍ ലൈവായി; പൊലിസിന് കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര പൊലിസ് ചമഞ്ഞ മ്യൂസിയം പൊലിസിന് കിട്ടിയത് എട്ടിന്റെ പണി. കനകക്കുന്ന് കൊട്ടാര വളപ്പില്‍ സംസാരിച്ചിരുന്ന യുവതി യുവാക്കളെയാണ് ഇന്നലെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍, പൊലിസിന്റെ സദാചാരവേട്ട യുവാവ് തത്സമയം ഫേസ് ബുക്കിലിടുകയായിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. സംഭവം വിവാദമായതോടെ വെട്ടിലായ പൊലിസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍, പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പെറ്റിയടച്ചശേഷം ഇവരെ വിട്ടയക്കുകയായിരുന്നുവെന്നും മ്യൂസിയം എസ്.ഐ പറഞ്ഞു. ഉന്നതപോലിസ് ഉദ്യാഗസ്ഥര്‍ വരാതെ പോകില്ലെന്നും തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുത്തതിന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇരുവരും പൊലിസ് സ്റ്റേഷനില്‍ നിലയുറപ്പിച്ച് കുറേ നേരം പ്രതിഷേധം നടത്തി.
തോളില്‍ കൈയിട്ടിരിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശികളായ യുവതീ യുവാക്കളെയാണ് ഇന്നലെ ഉച്ചയോടെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ രണ്ട് വനിതാ പൊലിസുകാര്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി.
പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിനാല്‍ കസ്റ്റഡിയിലെടുക്കുകയാണെന്ന് അറിയിച്ചപ്പോള്‍, തങ്ങള്‍ ചെയ്ത തെറ്റെന്താണെന്ന് വിശദീകരിക്കണമെന്നായി ഇവര്‍. തോളില്‍ കൈയിട്ടിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് നിയമവിരുദ്ധമല്ലെന്നും ഇവര്‍ വാദിച്ചു. തുടര്‍ന്ന് രണ്ട് പോലിസുകാരെക്കൂടി വിളിച്ചുവരുത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സ്റ്റേഷനിലെത്തി പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചപ്പോള്‍ ഇവര്‍ വിവാഹിതരാകാന്‍ പോകുന്നവരാണെന്ന വിശദീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് പോലിസ് ഇവരെ വിട്ടയച്ചു. എന്നാല്‍, പൊലിസ് തങ്ങളെ അസഭ്യം പറഞ്ഞതായി ആരോപിച്ച് സ്റ്റേഷനില്‍ ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീ സുരക്ഷയ്ക്കായി രൂപികരിച്ച പിങ്ക് പൊലിസിന്റെ നടപടികള്‍ സദാചാര പൊലിസ് രീതിയിലായി മാറുന്നതായി കഴിഞ്ഞ ദിവസങ്ങളിലും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു പ്രധാന കേന്ദ്രത്തിലെ ബസ് സ്റ്റോപ്പില്‍ നിന്ന പെണ്‍കുട്ടിയോട് പിങ്ക് പൊലിസ് സംഘം നടത്തിയ മോശം പെരുമാറ്റം പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
ബസ് സ്റ്റോപ്പില്‍ നിന്ന പെണ്‍കുട്ടി ഒരു ബസ് വന്നിട്ട് കയറാത്തതിനെത്തുടര്ന്നായിരുന്നു പൊലിസിന്റെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ പേടിച്ച പെണ്‍കുട്ടി കരഞ്ഞതോടെയാണ് ചുറ്റും നിന്നവര്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."