സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍
തിരുവനന്തപുരം: ഫയല്‍ നീക്കം മന്ദഗതിയിലാണെന്ന വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ക്ക് വേഗത കൂട്ടാന്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടു. ഏപ്രില്‍ ഒന്നു മുതല്‍ സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും ഇ-ഫയലിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.
അടുത്ത മാസം 31നകം നിലവില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഇ-ഫയലിലേയ്ക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഉദ്യോഗസ്ഥരില്‍ ആശങ്കയുണ്ട്.
കേരള ഐ.ടി മിഷനാണ് ഇ-ഫയലിങ് സംവിധാനം നടപ്പാക്കുന്നത്. ഇതിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.കൂടാതെ സെക്രട്ടേറിയറ്റും, ജില്ലാ ഭരണകൂടവുമായി ഇ-ഫയലിങില്‍ ബന്ധിപ്പിക്കാനുള്ള നടപടിയും ആരംഭിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫയല്‍ നീക്കം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്.
മാത്രമല്ല, കെ.എ.എസിന്റെ പേരില്‍ ജീവനക്കാര്‍ നിസഹകരണ സമരത്തിലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് സമരവും ഫയല്‍ കെട്ടിക്കിടക്കുന്നതിന് ഇടയാക്കി.
ഇ-ഫയല്‍ സംവിധാനം വരുന്നതോടെ ഓരോ ജീവനക്കാരനും എത്ര ഫയല്‍ പരിശോധിച്ചുവെന്നും പൊതുവേയുള്ള ഫയല്‍ നീക്കവുമെല്ലാം അറിയാന്‍ കഴിയും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു സെക്രട്ടേറിയറ്റില്‍ ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയത്. ഒരു ഫയല്‍ പിറവിയെടുക്കുന്നതു മുതല്‍ ഉത്തരവായി ഇറങ്ങുന്നതു വരെയുള്ള എല്ലാ നടപടി ക്രമങ്ങളും കംപ്യൂട്ടറിലൂടെ പൂര്‍ത്തിയാക്കുന്നതാണ് ഇ-ഫയലിങ്. ഫയല്‍ ആരു സൃഷ്ടിച്ചു, ആരൊക്കെ കുറിപ്പെഴുതി, ഓരോ ഉദ്യോഗസ്ഥനും എത്രനാള്‍ ഫയല്‍ വൈകിപ്പിച്ചു എന്നൊക്കെ ഇ-ഫയലിങിലൂടെ അറിയാന്‍ കഴിയും.
അതേ സമയം, ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇ-ഫയലിങ് സംവിധാനം നടപ്പാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരള ഐ.ടി മിഷന്റെ കഴിഞ്ഞ ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം പൊതുഭരണം, ഉന്നത വിദ്യാഭ്യാസം, വ്യവസായം,പൊതുമരാമത്ത്, റവന്യു, നികുതി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം, തൊഴില്‍,ആയുഷ്, ടൂറിസം, സഹകരണം, പബ്ലിക് റിലേഷന്‍സ്, ജലവിഭവം, പാര്‍ലമെന്ററി കാര്യം, സ്റ്റോര്‍സ് ആന്‍ഡ് പര്‍ച്ചേസ്, തദ്ദേശ ഭരണം, ഗതാഗതം എന്നീ വകുപ്പുകളിലാണ് ഫയല്‍ നീക്കം വേഗത്തിലുള്ളത്.
എന്നാല്‍, ധനകാര്യം, ആരോഗ്യം, കൃഷി, വിവര സാങ്കേതികം, പട്ടികജാതി പട്ടികവര്‍ഗം, പൊതു വിദ്യാഭ്യാസം, വനം, സാമൂഹിക നീതി, ഭക്ഷ്യം സിവില്‍ സപ്ലൈസ്, ഊര്‍ജം, സാംസ്‌കാരികം, പരിസ്ഥിതി, ക്ഷീര വികസനം, ആസൂത്രണവും സാമ്പത്തിക കാര്യവും എന്നീ വകുപ്പുകളില്‍ മന്ദഗതിയാണ്. ഇ-ഫയലിങ് സംവിധാനം നടപ്പിലാകുന്നതോടെ എല്ലാ വകുപ്പുകളിലും ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത മാസം സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്കും ഇ-ഫയലിങിനെ കുറിച്ച് ഐ.ടി മിഷന്‍ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."