സഊദിയില്‍ വീണ്ടും വിദേശികള്‍ക്ക് തിരിച്ചടി; ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് നിര്‍ത്തുന്നു
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. നിലവില്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ലെവി ബാധകമാക്കുമെന്ന് പ്രദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായ ഇളവിന് പുറമെ ഒമ്പത് പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായും ലെവിയില്‍ ഇളവ് നല്‍കുന്നുണ്ട്. ഇത് പൂര്‍ണമായി എടുത്തുകളയാനാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വരുന്ന മെയ് മുതല്‍ നിലവില്‍ ലെവി ഇളവ് ആനുകൂല്യം അനുഭവിക്കുന്ന എല്ലാ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാവുന്ന തരത്തിലായിരിക്കും പരിഷ്‌കരണം കൊണ്ടുവരിക.
നിലവിലുള്ള ലെവി വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് മാസം തോറും 400 റിയാലായിരുന്നത് ഇനി മുതല്‍ 600 റിയാലായി വര്‍ധിക്കും. എന്നാല്‍, സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ വിദേശികള്‍ 500 റിയാലാണ് ലെവിയായി നല്‍കേണ്ടി വരുന്നത്.
അതേ സമയം, ചെറുകിട, മീഡിയം വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് അടച്ച എട്ടിനം ഫീസുകള്‍ തിരികെ നല്‍കാന്‍ മന്ത്രാലയത്തിന്റെ കീഴില്‍ രൂപീകരിച്ച സൂപര്‍വൈസറി കമ്മിറ്റി പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്. ആകെ 700 കോടി റിയാല്‍ ഇതിനായി നീക്കിവച്ചിട്ടുണ്ട്. 2021 വരെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് എട്ടിനം ഫീസുകള്‍ തിരികെ നല്‍കാനാണു പദ്ധതി. അനുവദിച്ച ഫണ്ട് അതിനു മുമ്പ് സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞാലും റീഫണ്ട് പദ്ധതി അവസാനിക്കും. നിയമപരമായി ഇങ്ങനെ ഫണ്ട് തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ കമ്മിറ്റി കണ്ടെത്തും. അപേക്ഷകരില്‍ വ്യാജന്മാരില്ലെന്ന് ഉറപ്പ് വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."