മധ്യവയസ്‌ക്കയെ അജ്ഞാതന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
കൊല്ലം: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ അജ്ഞാതന്‍ തയ്യല്‍ തൊഴിലാളിയായ വീട്ടമ്മയെ തയ്യല്‍ക്കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള പള്ളിമുക്ക് അക്കരവിള നഗര്‍ 158-എയില്‍ അജിതകുമാരിയാ(48)ണ് കൊല്ലപ്പെട്ടത്. പള്ളിമുക്ക് വില്ലേജ് ഓഫിസിന് സമീപം ഇവര്‍ നടത്തുന്ന'ഫൈന്‍ സ്റ്റിച്ചിങ് 'എന്ന സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
അജിതയും ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവും വര്‍ഷങ്ങളായി അകന്നുകഴിയുകയാണ്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ അജ്ഞാതന്‍ തയ്യല്‍ക്കടയുടെ മുന്നില്‍ ബൈക്ക് നിര്‍ത്തി അകത്തേക്കു കയറുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജിതയുടെ വായില്‍ തുണി തിരുകിയ ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. മരണം ഉറപ്പാക്കുംവിധം കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു. നിലവിളി കേട്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്നവര്‍ എത്തിയപ്പോഴേക്കും ബൈക്കിലെത്തിയ ആള്‍ രക്ഷപ്പെടുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ കൊലയാളിയെ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
അജിതകുമാരിയെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തിന് ശേഷം താമസസ്ഥലത്തുനിന്ന് കാണാതായ ഭര്‍ത്താവ് സുകുമാരനായി പൊലിസ് അന്വേഷണം തുടങ്ങി. കിഷോര്‍, കിരണ്‍ എന്നിവര്‍ മക്കളാണ്.ബൈക്കിലെത്തിയ കൊലപാതകിയുടെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ നഗരത്തിലെ സി.സി ടി.വി കാമറകള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇരവിപുരം സി.ഐ ബി.പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."