പറവൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍: എം.എല്‍.എയുടെ മൗനത്തിനെതിരേ പ്രതിഷേധം ശക്തം
പറവൂര്‍: നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കകള്‍ വേണ്ടെന്നും നഗരവാസികള്‍ക്ക് ഉറപ്പ് നല്‍കിയ വി.ഡി സതീശന്‍ എം.എല്‍.എ ഇപ്പോള്‍ മൗനം പുലര്‍ത്തുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
വിവാദമാസ്റ്റര്‍ പ്ലാനുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടാതെ ഒളിച്ചോടുന്ന സമീപനമാണ് എം.എല്‍.എ സ്വീകരിച്ചിരിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നാണ് എല്‍.ഡി.എഫ് കണ്‍സിലര്‍മാരുടെ പക്ഷം.
അടിയന്തിര ഭരണ നിര്‍വഹണ കാര്യങ്ങളില്‍ ഉദാസീനമായ നിലപാടാണ് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത് .റോഡ് കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും പെരുകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പഴയ ട്രാന്‍സ്‌പോര്‍ട് ബസ് സ്റ്റാന്റിന് സമീപം മെയിന്‍ റോഡിലെ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടിയില്ല. താലൂക്ക് ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ എച്ച് എം സി തീരുമാനങ്ങള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം തേടുന്നില്ല.
മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് അടിയന്തിരമായി വാര്‍ഡ് സഭാ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ജനങ്ങളോട് സത്യം പറയണമെന്നും മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നും എല്‍ ഡി എഫ് നേതാക്കളായ കെ.എ.വിദ്യാനന്ദന്‍ ,ടി.വി. നിഥിന്‍ ,എസ്.ശ്രീകുമാരി ,കെ .സുധാകരന്‍ പിള്ള, സി.പി.ജയന്‍ ,കെ ജെ ഷൈന്‍ എന്നിവര്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."