ഇന്ത്യയില്‍ ഭരണകൂട ഭീകരത വളരുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
പെരുമ്പാവൂര്‍: ഇന്ത്യയില്‍ ഭരണകൂട ഭീകരത വളര്‍ന്നുവരുന്ന സാഹചര്യമാണുള്ളതെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. കേരളത്തിലെ അവസ്ഥയും മറിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനജാഗരണം എന്ന പേരില്‍ മുസലിം ലീഗ് എറണാകുളം ജില്ലാ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഭരണം അസഹിഷ്ണുത വളര്‍ത്തുകയാണ്. രാജ്യത്തെ ക്രമസമാധാന നില പാടെ തകര്‍ന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ജനജീവിതം ദുസഹമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂട ഭീകരത വളരുന്നതിന്റെ അവസാന ഉദാഹരമാണ് ഇ.അഹമ്മദ് എം.പിയുടെ മരണം. മരിച്ച വ്യക്തിയോട് പോലും അനാദരവ് കാണിച്ച ഫാസിറ്റ് ഭരണമായി മോദി ഭരണകൂടം മാറി. ദിവസങ്ങള്‍ ചെല്ലുന്തോറും പിണറായി ഭരണകൂടത്തിനുള്ള പിന്തുണ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണ ഭീകരത വളരുന്നതിന്റെ അവസാന ഉദാഹരണമാണ് ഇ.അഹമ്മദിന്റെ മരണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. മതപ്രബോധകര്‍ക്കെതിരേ യാതൊരുവിധ കാരണവുമില്ലാതെ യു.എ.പി.എ ചുമത്താനുളള ഭരണകൂട ഭീകരതയെ മുസ്‌ലിം ലീഗ് മതേതര കക്ഷികളുമായി ചേര്‍ന്ന് ചെറുക്കുമെന്ന് മുസലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
മുസലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയമസഭ പാര്‍ട്ടി സെക്രട്ടറി റ്റി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, നിയമസഭ പാര്‍ട്ടി വിപ്പ് വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, സ്വാഗതസംഘം ജന.കണ്‍വീനര്‍ കെ.എം അബ്ദുല്‍ മജീദ്, സ്വാഗതസംഘം ജന.സെക്രട്ടറി എം.യു ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."