ചുഴറ്റി വീഴ്ത്തി
സിഡ്‌നി: ഇന്ത്യന്‍ റണ്‍മല കീഴടക്കാന്‍ പൊരുതിയ ഓസീസിന് തിരിച്ചടി. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ മൂന്നാം ദിനം ആസ്‌ത്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 622 റണ്‍സ് മറികടക്കാന്‍ പൊരുതിയ ഓസീസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെളിച്ചക്കുറവ് മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (28), പാറ്റ് കമ്മിന്‍സ് (25) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് (79) ഒഴികെ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും ചുവടുറപ്പിക്കാനായില്ല. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ആഞ്ഞടിച്ചതോടെ നങ്കൂരമിടാനാവാതെ ഓസീസ് ബാറ്റിങ്‌നിര ആടിയുലഞ്ഞു.
കറക്കി വീഴ്ത്തി
കുല്‍ദീപും ജഡേജയും
24 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജെയും അര്‍ധസെഞ്ചുറി പിന്നിട്ട കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മികച്ച തുടക്കം സമ്മാനിച്ച് നങ്കൂരമിട്ടു ഇരുവരും ബാറ്റിങ് തുടരുന്നതിനിടെ കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഓസീസ് സ്‌കോര്‍ 72 ല്‍ നില്‍ക്കേ ഉസ്മാന്‍ ഖവാജയെ (27) ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിച്ചു കുല്‍ദീപ് വരാനിരിക്കുന്ന തകര്‍ച്ചയുടെ സൂചന ഓസീസിന് നല്‍കി. ഖവാജ പുറത്തായതിന് പിന്നാലെ മൂന്നാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നുമായി ചേര്‍ന്ന് മാര്‍ക്കസ് ഹാരിസ് ഓസീസിനെ മുന്നോട്ടു നയിച്ചു. സ്‌കോര്‍ 128 നില്‍ക്കേ മാര്‍ക്കസ് ഹാരിസിന്റെ (79) കുറ്റിതെറുപ്പിച്ച രവീന്ദ്ര ജഡേജ വെല്ലുവിളി അവസാനിപ്പിച്ചു.
ഷോണ്‍ മാര്‍ഷിനെ കൂട്ടുപിടിച്ചു മാര്‍നസ് ഓസീസ് സ്‌കോര്‍ മുന്നോട്ടു നയിച്ചു. നിലയുറപ്പിക്കും മുന്‍പേ ഷോണ്‍ മാര്‍ഷിനെ (8) അജിങ്ക്യ രഹാനയുടെ കൈകളില്‍ എത്തിച്ചു രവീന്ദ്ര ജഡേജ ഓസീസ് തകര്‍ച്ചയ്ക്ക് വേഗംകൂട്ടി.
തകര്‍ന്നു ഓസീസ്
ഓസീസ് സ്‌കോര്‍ 144 ന് മൂന്ന്. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും വീണു. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്ന് തോന്നിച്ച മാര്‍നസിനെ (38) വീഴ്ത്തിത് മുഹമ്മദ് ഷമിയാണ്. അജിങ്ക്യ രഹാനെ പിടിച്ചാണ് മാര്‍നസ് കൂടാരം കയറിയത്. ട്രാവിസ് ഹെഡും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും ചേര്‍ന്നു ഓസീസ് സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍, സ്‌കോര്‍ 192 ല്‍ നില്‍ക്കേ ട്രാവിസ് ഹെഡിനെ (20) പുറത്താക്കി കുല്‍ദീപ് യാദവ് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ ടിം പെയ്‌നെയും (5) വീഴ്ത്തിയ കുല്‍ദീപ് യാദവ് ഓസീസിന് കനത്ത പ്രഹരമേല്‍പ്പിച്ചു. സ്‌കോര്‍ 198 -6 എന്ന നിലയില്‍നിന്ന് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും (28*) പാറ്റ് കമ്മിന്‍സും (25*) ചേര്‍ന്ന് ഓസീസ് സ്‌കോര്‍ 236 ല്‍ എത്തിച്ചു. ഇന്ത്യക്ക് വേണ്ടി 24 ഓവറില്‍ 71 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."