പി.എഫ് കുടിശിക വരുത്തിയത് നാലര വര്‍ഷം
കോട്ടയം: കരിക്കിനേത്ത് സില്‍ക്‌സ് മാനേജ്‌മെന്റിനെതിരേ തൊഴിലാളികളുടെ പ്രതിഷേധം ശക്തം. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് തൊഴിലാളികള്‍ മാനേജ്‌മെന്റിന്റെ ചൂഷണം വ്യക്തമാക്കിയത്. കെ.സി വര്‍ഗീസിന്റെയും റീന വര്‍ഗീസിന്റെയും ഉടമസ്ഥതയിലുള്ള പാലാ, ചങ്ങനാശേരി ഷോറൂമുകളിലെ ജീവനക്കാരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ഇവരുടെ രണ്ടു ഷോറൂമുകളില്‍ പാലായിലെ ബ്രാഞ്ച് കഴിഞ്ഞ ഡിസംബറില്‍ പൂട്ടിയിരുന്നു. എന്നാല്‍ സ്ഥാപനം പൂട്ടിയിട്ടും കരിക്കിനേത്ത് സില്‍ക്‌സ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട യാതൊരു ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. ഒരറിയിപ്പും കൂടാതെ തൊഴിലാളികളെ ഇറക്കിവിടുകയായിരുന്നു ചെയ്തത്. പക്ഷേ ഈ സമയം, നല്‍കേണ്ട ഗ്രാറ്റുവിറ്റി, നഷ്ടപരിഹാരം എന്നിവയൊന്നും നല്‍കാന്‍ മാനേജ്‌മെന്റ് തയാറായിട്ടില്ല.
പി.എഫിന്റെ പേരില്‍ ശമ്പളത്തില്‍ നിന്ന് തൊഴിലാളി വിഹിതം കട്ട് ചെയ്യുമായിരുന്നെങ്കിലും നാളിതുവരെ തുക ബോര്‍ഡില്‍ അടയ്ക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ച്ച വരുത്തി. പി.എഫ്, ഇ.എസ്.ഐ, എന്നീവിഭാഗത്തില്‍ ഏകദേശം നാലരവര്‍ഷത്തെ കുടിശികയാണ് കമ്പനി അടയ്ക്കുവാനുള്ളത്. ഇക്കാര്യം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ തൊഴിലാളികളോട് വ്യക്തമാക്കി.
കൂടാതെ, ക്ഷേമനിധി വിഹിതവും തൊഴിലാളികളില്‍ നിന്ന് ഈടാക്കിയെങ്കിലും തുക കൃത്യമായി അടച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഇവര്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുന്ന സ്ഥിതിയായിരുന്നു. ഇത്തരത്തില്‍ ആനുകൂല്യവിഹിതം അടയ്ക്കാന്‍ കുടിശിക വരുത്തിയതോടെ തൊഴിലാളികള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കെത്തിയാല്‍ നിയമതടസം നേരിടേണ്ടിവരുന്ന അവസ്ഥയാണ്.
പാലാ, ചങ്ങനാശേരി ബ്രാഞ്ചുകളില്‍ ഉള്‍പ്പെടെ ഏകദേശം 170പ്പരം ജീവനക്കാരാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരേ ശബ്ദിക്കാന്‍ ആരും തയാറായിരുന്നില്ല.
ഇ.എസ്.ഐ കാര്‍ഡുണ്ടെങ്കിലും ഒന്നും പ്രയോജനകരമല്ലെന്ന് ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി കാര്‍ഡ് എലിജിബിള്‍ അല്ലെന്നതാണ്. ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന തുച്ഛമായ തുകയില്‍ നിന്ന് പല ആനുകൂല്യത്തിന്റെ പേരില്‍ വിഹിതം പിടിക്കുകയും അത് കൃത്യസമയത്ത് അടയ്ക്കാതെയും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് പാലാ കരിക്കിനേത്ത് സില്‍ക്‌സ് ഉടമകള്‍ ചെയ്തിരുന്നത്. ഒന്‍പത് തവണ അധികൃതരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും വെറും നാലു തവണ മാത്രമാണ് ഉടമ കെ.സി വര്‍ഗീസ് പങ്കെടുത്തത്. ജില്ലാ ലേബര്‍ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന ജില്ലാ ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ കെ.എന്‍ രമേശിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച ഏറെയും.
എന്നാല്‍ സാമ്പത്തിക പ്രതിന്ധിയുടെ പേരില്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്ന രീതിയായിരുന്നു ഉടമ സ്വീകരിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ചര്‍ച്ച അലസിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം.
അതേസമയം, തൊഴിലാളികളില്‍ നിന്ന് പിടിച്ച വിഹിതമെവിടെയെന്ന ചോദ്യത്തിന് മറുപടിയില്ല. ഇത്തരത്തിലുള്ള പാലാ കരിക്കിനേത്ത് സില്‍ക്‌സ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രേഹ നയത്തിനെതിരേ ഇന്ന് കോട്ടയം കൊമേഴ്‌സല്‍ എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."