കഞ്ചാവ് വില്‍പനയെ എതിര്‍ത്ത യുവാക്കള്‍ക്ക് നേരെ ആക്രമണം
വൈക്കം: കഞ്ചാവ് വില്‍പനയെ എതിര്‍ത്ത യുവാക്കളെ മയക്കുമരുന്ന് മാഫിയ സംഘം വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പിച്ചു. കഴിഞ്ഞ ദിവസം ഉല്ലലക്ക് സമീപമാണ് സംഭവം നടന്നത്. കുറിഞ്ഞിക്കാട്ട് വിഷ്ണു (27), സഹോദരന്‍ അഖില്‍ (22), സുഹൃത്ത് പാര്‍ത്ഥിപ് (24) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്.
രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ വൈക്കം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിസരമാകെ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വീടുകളില്‍ കയറി കഞ്ചാവ് ഉപയോഗത്തിനെതിരേ മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിനു പിന്നില്‍. കെ.ടി.ഡി.സിയിലും ലഹരിയുടെ നിര്‍വൃതിയില്‍ ഒരു സംഘം വലിയ പരാക്രമങ്ങള്‍ നടത്തി.
ഇവിടുത്തെ ജീവനക്കാരനെ മര്‍ദിച്ചു. പൊലിസും എക്‌സൈസും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരേ വ്യാപക പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ഇതിനെയെല്ലാം തകിടം മറിച്ചാണ് മാഫിയകള്‍ അഴിഞ്ഞാടുന്നത്.
ഉല്ലല, ചെമ്മനത്തുകര, മൂത്തേടത്തുകാവ്, ടി.വി പുരം, വെച്ചൂര്‍, തലയോലപ്പറമ്പ്, പാലാംകടവ് പ്രദേശങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വ്യാപകമാണ്. ഇതിനെതിരേ നാട്ടുകാര്‍ സജീവമാണെങ്കിലും ഇവരെയെല്ലാം വെല്ലുന്ന രീതിയിലാണ് മാഫിയകളുടെ പ്രവര്‍ത്തനം. സ്‌കൂള്‍ കുട്ടികളെ വലയിലാക്കിയാണ് മാഫിയകളുടെ പ്രവര്‍ത്തനം.
കഞ്ചാവ് വില്‍പനക്കിടെ പിടികൂടുന്നവര്‍ക്കുമേല്‍ പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തന്നതിനെതിരേ പൊതുജനത്തിന് ആക്ഷേമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."