നിയോജകമണ്ഡലം കുടിവെള്ള പദ്ധതി അവലോകന യോഗം നാളെ
കടുത്തുരുത്തി: രൂക്ഷമായ വരള്‍ച്ചമൂലം പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കാന്‍ കേരളാ വാട്ടര്‍ അതോറിട്ടിയുടെ കീഴിലുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നതിനും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി കടുത്തുരുത്തി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗം 23 ന് വൈകുന്നേരം നാലിന് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
വാട്ടര്‍ അതോറിട്ടി സുപ്രണ്ടിങ് എന്‍ജിനീയര്‍, വിവിധ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, മറ്റു പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും.
വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിന് തടസമായി നില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിച്ച് ആവശ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. പൈപ്പ്‌ലൈനുകള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള സ്ഥലങ്ങളില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കും. പുതിയ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ആവശ്യങ്ങളും പ്രത്യേകം പരിശോധിക്കും. പൈപ്പ്‌ലൈനുകള്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഇത് നടപ്പാക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിട്ടിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കും.
വിവിധ റോഡുനിര്‍മാണത്തെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിരിക്കുന്ന വാട്ടര്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കും.
കേരളാ വാട്ടര്‍ അതോറിട്ടിയുടെ ഗാര്‍ഹിക കണക്ഷന്‍ കൊടുക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മോന്‍സ് ജോസഫ് അറിയിച്ചു. നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കുടുംബങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികളെക്കുറിച്ച് യോഗം വിലയിരുത്തും. വിവിധ പഞ്ചായത്തുകളില്‍ കരാറുകള്‍ ചെയ്തുതീര്‍ക്കാനുള്ള പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതുമാണ്.
ഗാര്‍ഹിക കണക്ഷനെടുക്കാന്‍ സാമ്പത്തികശേഷിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനും എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും കടുത്തുരുത്തി മണ്ഡലത്തില്‍ പരമാവധി പൊതുടാപ്പുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നതായി മോന്‍സ് ജോസഫ് വ്യക്തമാക്കി. ഓരോ പ്രദേശത്തും എത്ര പൊതുടാപ്പുകള്‍ സ്ഥാപിക്കണമെന്നതു സംബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്തുമായും ചര്‍ച്ച ചെയ്ത് പ്രത്യേക തീരുമാനം കൈക്കൊള്ളുന്നതാണ്. എം.എല്‍.എ, എം.പി ഫണ്ടുകള്‍ വിനിയോഗിച്ചും ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തിയും നടപ്പാക്കുന്ന വിവിധ ഗ്രാമീണ കുടിവെള്ള പദ്ധതികളും കേരളവാട്ടര്‍ അതോറിട്ടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയും തമ്മില്‍ സംയോജിച്ച് നടപ്പാക്കേണ്ട സ്ഥലങ്ങളിലെ ആവശ്യങ്ങള്‍ യോഗത്തില്‍ പ്രത്യേകം പരിശോധിക്കുന്നതാണ്.
ഇപ്രാവശ്യത്തെ കടുത്തവരള്‍ച്ചയെ നേരിടാന്‍ കഴിയുന്ന വിധത്തില്‍ എല്ലാ കുടിവെള്ള പദ്ധതികളും ഫലപ്രദമാക്കി മാറ്റുന്നതിനുള്ള തീവ്രയത്‌നമാണ് നടത്തിവരുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."