മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു
നാദാപുരം: ബാധയൊഴിപ്പിക്കാനുള്ള മന്ത്രവാദത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കോഴിക്കോട് വെള്ളയില്‍ സ്വദേശിനി നാലുകുടിപ്പറമ്പില്‍ ഷമീന (29)യാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്.
സംഭവത്തില്‍ മന്ത്രവാദിനിയായ കുറ്റ്യാടി അടുക്കത്ത് സ്വദേശിനിയായ നജ്മയെ (32) പൊലിസ് അറസ്റ്റുചെയ്തിരുന്നു. രണ്ടു വര്‍ഷത്തോളമായി ഇവര്‍ മന്ത്രവാദം ഉള്‍പ്പെടെയുള്ള ചികിത്സ നടത്തി വരികയാണെന്ന് പൊലിസ് പറഞ്ഞു.
പുറമേരി ചുങ്ക്യത്തുള്ള നജ്മയുടെ വാടക വീട്ടില്‍ വച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാധയൊഴിപ്പിക്കണമെന്നും ഇതിനായി പ്രത്യേക കര്‍മങ്ങള്‍ വേണമെന്നും പറഞ്ഞ് നജ്മ യുവതിയെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു.
വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയില്‍ കയറിക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തിയത്.
ഇതിനായി പാത്രത്തില്‍ ചില വസ്തുക്കള്‍ വച്ച് മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു സാധാരണ പതിവ്. എന്നാല്‍ മണ്ണെണ്ണ കിട്ടാത്തതിനെ തുടര്‍ന്ന് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഷമീനയുടെ വസ്ത്രത്തില്‍ പിടിക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടണ്ടായിരുന്ന ബന്ധുക്കളാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസ് മന്ത്രവാദിനിക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമത്തിന് കേസെടുത്ത് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്ത ഇവരെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് സബ് ജയിലിലാണ്.
വിവാഹബന്ധം വേര്‍പ്പെടുത്തിയ നജ്മ പിന്നീട് മന്ത്രവാദത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പന്ത്രണ്ടു വയസുള്ള മകളെ ഉപയോഗിച്ചാണ് മന്ത്രവാദത്തിനുള്ള കര്‍മങ്ങള്‍ ഇവര്‍ നടത്തിയിരുന്നത്. മന്ത്രവാദം നടത്തിയ വീട് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പൂട്ടി സീല്‍ ചെയ്തു. ഇവര്‍ക്കെതിരേ നിരന്തരം പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
http://suprabhaatham.com/%E0%B4%AA%E0%B5%81%E0%B4%B1%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."