സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം: ലീഗ്
കോഴിക്കോട്: സി.പി.എം നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നതെന്നു ജില്ലാ മുസ്‌ലിം ലീഗ് നേതൃയോഗം. നാളിതുവരെ ഉണ്ടാകാത്തവിധം കേരള ജനസമൂഹത്തിനിടിയില്‍ വിഭാഗീയതയുണ്ടാക്കി തെരുവില്‍ തല്ലിച്ചാകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയനു സാധിക്കില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ബി.ജെ.പി നാടുകത്തിച്ചും അക്രമങ്ങള്‍ അഴിച്ചുവിട്ടും രാഷ്ട്രീയനേട്ടം കൊയ്യുകയാണ്. വിശ്വാസി സമൂഹത്തിന്റെ കുത്തക ഏറ്റെടുക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കിയത് ആസൂത്രിതമാണ്. ഇതു സൃഷ്ടിച്ച പാപക്കറയില്‍ നിന്ന് കൈ കെഴുകാന്‍ സി.പി.എമ്മിനാവില്ല. വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ആഴം കാണാന്‍ നിരീശ്വരവാദികള്‍ക്കാവില്ല.
അക്രമങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കരുതല്‍ നടപടിയെടുക്കാന്‍ പൊലിസിനായില്ലെന്ന ഏറ്റുപറച്ചില്‍ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ഇതുസംബന്ധിച്ച് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ജാഗ്രതാ സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു.
പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി അബൂബക്കര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, പി. അമ്മദ് മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, കെ. മൊയ്തീന്‍ കോയ, എം.എ മജീദ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, വി.കെ ഹുസൈന്‍ കുട്ടി, സി.കെ.വി യൂസഫ്, റഷീദ് വെങ്ങളം, എന്‍.പി അബ്ദുല്‍ സമദ്, ഒ.പി നസീര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."