വയനാട് ലോക്‌സഭാ മണ്ഡലം: ചര്‍ച്ച സജീവമാക്കി കോണ്‍ഗ്രസ്
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള നേതാവ് സ്ഥാനാര്‍ഥിയാകണമെന്ന വികാരമാണ് ജില്ലയിലെ ഭൂരിഭാഗം കോണ്‍ഗ്രസുകാര്‍ക്കുമുള്ളത്. മണ്ഡലത്തിന്റെ വികസനത്തിന് ഇതു കൂടുതല്‍ ഉണര്‍വേകുമെന്നാണ് അഭിപ്രായം. നിലവില്‍ വയനാട് മണ്ഡലത്തില്‍ ഇതര ജില്ലകളില്‍നിന്നുള്ള നിരവധി നേതാക്കളാണ് നോട്ടമിട്ടിരിക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്ന നിഗമനമാണ് ഇതിന്റെ പിന്നില്‍. മണ്ഡലം രൂപീകരിച്ചതിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും എം.ഐ ഷാനവാസാണ് വിജയിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാണ് ഷാനവാസ് സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുല്ലയെ പരാജയപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ 20,870 വോട്ടായിരുന്നു ഭൂരിപക്ഷം. സി.പി.ഐയിലെ സത്യന്‍ മൊകേരിയായിരുന്നു തൊട്ടടുത്ത എതിരാളി.
സംഘടനയുടെ കെട്ടുറപ്പ് ഇല്ലായ്മയും ഗ്രൂപ്പ് പോരും ഭൂരിപക്ഷം കുറയാന്‍ കാരണമായെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. പുറമേ നിന്നുള്ളയാളെ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിക്കുന്നത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നു അഭിപ്രായപ്പെടുന്നവരും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. കെ.സി വേണുഗോപാല്‍, എം.എം ഹസന്‍, ടി. സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍, കെ.സി റോസക്കുട്ടി തുടങ്ങിയ പേരുകളാണ് വയനാട് മണ്ഡലത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നത്. ഇതില്‍ എ.ഐ.സി.സി അംഗവും കെ.പി.സി.സി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയും സംസ്ഥാന വനിത കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണുമായ റോസക്കുട്ടി മാത്രമാണ് ജില്ലക്കാരിയായുള്ളത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയോജകമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി, ഏറനാട്, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫും കല്‍പ്പറ്റ, മാനന്തവാടി, തിരുമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."