ഭക്ഷണം ട്രക്കുകളിലെത്തിച്ച് ദാനവര്‍ഷ പരിപാടികള്‍ക്ക് തുടക്കം
ദുബൈ: 2017 ദാന വര്‍ഷമായി പ്രഖ്യാപിച്ച യു.എ.ഇയില്‍ ആദ്യഘട്ട പരിപാടികള്‍ക്ക് തുടക്കം. തൊഴിലാളികള്‍ക്ക് വാഹനങ്ങളില്‍ ഭക്ഷണമെത്തിക്കാനാണ് എമിറേറ്റ്‌സ് ഇസ്‌ലാമികിന്റെ പദ്ധതി. ഭക്ഷണം നിറച്ച ട്രക്കുകള്‍ വിവിധ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങി തൊഴിലാളികളുടെ വിശപ്പകറ്റും. എല്ലാവര്‍ക്കും ഭക്ഷണം എന്ന മുദ്രാവാക്യവുമായി ബൈത്തുല്‍ ഖൈര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് എമിറേറ്റ്‌സ് ഇസ്‌ലാമിക് പദ്ധതി നടപ്പാക്കുന്നത്.
ആവശ്യക്കാരെ സഹായിക്കുക എന്നത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ ആണിക്കല്ലാണെന്ന് എമിറേറ്റ്‌സ് ഇസ്‌ലാമിക് ജനറല്‍ മാനേജര്‍ അവാതിഫ് അല്‍ ഹര്‍മൂദി പറഞ്ഞു. പാവങ്ങള്‍ക്ക് ഈ പദ്ധതി ഏറെ ഉപകരിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ഉദാരപൈതൃകത്തിന് പദ്ധതി ഒരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഘുഭക്ഷണങ്ങളായിരിക്കും ട്രക്കില്‍ ഉണ്ടായിരിക്കുക. വാഹനം എല്ലാ എമിറേറ്റുകളിലും എത്തും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഭക്ഷണ വിതരണത്തിനു മാത്രമായി ബൈത്തുല്‍ ഖൈര്‍ 7.7 കോടി ദിര്‍ഹം ചെലവഴിച്ചതായി ജനറല്‍ മാനേജര്‍ അബ്ദീന്‍ താഹിര്‍ അല്‍ അവാദി പറഞ്ഞു.
കഴിഞ്ഞ റമദാനില്‍ എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് 10 ലക്ഷം ദിര്‍ഹം ദാറുല്‍ ഖൈറിനായി കൈമാറിയിരുന്നു.
ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളിലാണ് ദാറുല്‍ ഖൈര്‍ പണം ചെലവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."