മാനം കാക്കണം
രാജ്കോട്ട്: ആസ്ത്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ് ഇന്ന് നടക്കും. ഉച്ചക്ക് 1.30 മുതല്‍ രാജ്കോട്ടിലാണ് മത്സരം. ആദ്യ മത്സരത്തിലെ പത്ത് വിക്കറ്റിന്റെ തോല്‍വി ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സമ്പൂര്‍ണ പരാജയമായിരുന്നു. ആദ്യ ഏകദിനത്തില്‍ കോഹ്ലി സ്ഥാനം തെറ്റി ക്രീസിലെത്തിയതിനെ പലരും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് സൂചനകള്‍. അതേസമയം ശക്തരായ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര് ഒന്നു കൂടി ശ്രദ്ധയോടെ ബാറ്റ് ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസം രവിശാസ്ത്രിയുടെ ഉപദേശം.
എതിരാളികള്‍ ശക്തരായതിനാല്‍ കഴിവിന്റെ പരമാവധി ടീമിന് പുറത്തെടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബാറ്റിങ് ഓര്‍ഡറില്‍ ചില മാറ്റങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നും പരിശീലകന് പറഞ്ഞു. മികച്ച ഫോമില്‍ നില്ക്കുന്ന വാര്‍ണര്‍, ഫിഞ്ച് എന്നിവരെ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്ക് ആദ്യ കടമ്പ കടക്കാന്‍ സാധിക്കൂ.
ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡ് ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് തിരിച്ചടിയാകും. ഇക്കാര്യം സംബന്ധിച്ച് ഓസീസ് നായകന് ആരോണ്‍ ഫിഞ്ച് സൂചന നല്‍കിയിരുന്നു. ഹെയ്സല്‍വുഡ് എത്തുന്നതോടെ പേസ് കരുത്തുയരുന്ന ഓസീസ് ബൗളിങ് നിര ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമ്മിന്സിനുമൊപ്പം പരിചയസമ്പന്നനായ ഹെയ്സല്‍വുഡ് എത്തുന്നതോടെ രാജ്കോട്ടില്‍ മത്സരം കടുപ്പമാകും. തുടര്‍ച്ചയായ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഹെയ്സല്‍വുഡിന് ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം രാജ്കോട്ടില്‍ ടീമിലെത്താന്‍ സാധ്യതയുണ്ടെണ്ടന്നും ഓസീസ് നായകന് ഫിഞ്ച് പറഞ്ഞു. എന്നാല്‍ ഇന്ത്യ ചാംപ്യന്‍ നിരയാണ്. ശക്തമായി അവര്‍ തിരിച്ചെത്തുമെന്നും മികച്ച മത്സരം പ്രതീക്ഷിക്കുന്നുവെന്നും ഫിഞ്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."