സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവയ്ക്കാത്തത് വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ നിന്ന് പിന്‍മാറുന്നു. പകരം നിയമസഭാ സമ്മേളനത്തില്‍ നിയമനിര്‍മാണം നടത്താനാണ് തീരുമാനം.
ഓര്‍ഡിനന്‍സില്‍ സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നു. ഓര്‍ഡിനന്‍സ് വീണ്ടും ഗവര്‍ണര്‍ക്ക് അയയ്‌ക്കേണ്ടതില്ലെന്നും നിയമനിര്‍മാണം മതിയെന്നുമാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
പൗരത്വനിയമ ഭേദഗതിക്കെതിരേ സുപ്രിം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിലും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും രംഗത്തു വന്നിരുന്നു.
മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഒപ്പുവയ്ക്കാതിരുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയുമായി എത്തിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും പോര്‍മുഖം തുറന്നത്. ഓര്‍ഡിനന്‍സ് വീണ്ടും മന്ത്രിസഭ പാസാക്കി അയച്ചാല്‍ താന്‍ ഒപ്പിടണമെന്ന് ഭരണഘടന പറയുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കാത്തതും രേഖാമൂലം ഗവര്‍ണര്‍ വിശദീകരണം ചോദിക്കാതെ പരസ്യപ്രതികരണത്തിന് ഇറങ്ങിയതുമാണ് സര്‍ക്കാരിനെ നിലപാടുമാറ്റത്തിനു പ്രേരിപ്പിച്ചത്. സര്‍ക്കാരുമായി നിലനില്‍ക്കുന്ന കടുത്ത ഭിന്നതകളും പരസ്യമായി തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ഗവര്‍ണറെ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരേ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തിനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും രംഗത്തുവന്നു. ഗവര്‍ണറുടെ നിലപാട് പ്രകോപനപരമാണെന്നും രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടനയും ജനാധിപത്യ ചരിത്രവും പഠിക്കണമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
പൗരത്വനിയമ ഭേദഗതിയുടെ കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ഈ വിഷയത്തില്‍ ഗവര്‍ണറെ പിന്തുണയ്ക്കുകയാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രണ്ടു തവണ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.
സര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമനിര്‍മാണം നടത്തിയാലും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ സര്‍ക്കാരിനു മുന്നില്‍ സങ്കീര്‍ണമായിരിക്കും. പുതിയ സെന്‍സസ് വരുന്നതിനാല്‍ 2019 ഡിസംബര്‍ 31നു ശേഷം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തരുതെന്ന് 2019 നവംബര്‍ ആറിന് കേന്ദ്ര സെന്‍സസ് കമ്മിഷന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു.
ഡിസംബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ക്ക് മാറ്റം വരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ ഈ വാദം പ്രതിപക്ഷം അംഗീകരിക്കുന്നില്ല.
അതുകൊണ്ടു തന്നെ നിയമം സഭയില്‍ പാസായാലും അതിനെതിരേ പ്രതിപക്ഷം നിയമ പോരാട്ടത്തിനൊരുങ്ങും. 2020 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ അതിനു മുന്‍പ് ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കണമെന്നത് സര്‍ക്കാരിനു വെല്ലുവിളിയാണ്.
താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
പൗരത്വനിയമ ഭേദഗതിക്കെതിരേ സുപ്രിം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിലുള്ള അതൃപ്തിയും ഗവര്‍ണര്‍ തുറന്നുപറഞ്ഞു. തദ്ദേശഭരണ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ഒപ്പുവയ്ക്കുന്നതിനു മുന്‍പ് നിയമപരമായ കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്കു മന്ത്രി മറുപടി പറഞ്ഞിട്ടില്ല. നിയമപരമായ ആലോചനകള്‍ ആവശ്യമാണ്. നിയമസഭ ചേരാനിരിക്കെ എന്തിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത് ?
പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതില്‍ തെറ്റില്ല. അതിനവര്‍ക്ക് അവകാശമുണ്ട്. പക്ഷെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ താന്‍ അതു പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. അതു പ്രൊട്ടോക്കോള്‍ ലംഘനമാണ്. ആരും നിയമത്തിന് അതീതരല്ല. ഞാന്‍ നിയമത്തിനു കീഴിലാണ്. എന്നാല്‍ ചിലര്‍ നിയമത്തിനും മുകളിലാണെന്നാണ് ഭാവിക്കുന്നത്. താന്‍ ഭരണഘടനയും നിയമവും പാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."