അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തല്‍: ഗവ. യു.പി സ്‌കൂളുകള്‍ക്ക് അവഗണന
പേരാമ്പ്ര: മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ നെട്ടോട്ടമോടുമ്പോള്‍ പേരാമ്പ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്‌കൂളായ പേരാമ്പ്ര ഗവ.യു.പിയും നൊച്ചാട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്‌കൂളായ വാളൂര്‍ ഗവ. യു.പി സ്‌കൂളിനും അവഗണന. ഭൗതിക സാഹചര്യങ്ങളില്ലാതെ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ.യു.പിയെ തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത സ്ഥിതിയിലാണ്. സ്റ്റേജ് ഉള്‍പ്പെടെ 11 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ഓഫിസ്, കംപ്യൂട്ടര്‍, സ്റ്റാഫ് റൂമുകള്‍ക്കായി മൂന്ന് ക്ലാസ്മുറികള്‍ കഴിച്ചാല്‍ എട്ട് ക്ലാസുകളെ ഉണ്ടാവൂ. നിലവില്‍ ഇവിടെ പത്ത് ക്ലാസ് റൂം ആവശ്യമാണ്.
സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം തരത്തിലേക്ക് 51 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ധാരാളം കുട്ടികളെ ഇവിടെ നിന്നും തിരിച്ചയക്കുകയായിരുന്നു. ബ്ലോക്ക് റിസോഴ്‌സ് സെന്ററും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസും ഇവിടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ എ.ഇ.ഒ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ എതിര്‍പ്പുമൂലം വീണ്ടും ഇവിടെ തന്നെ പുന:സ്ഥാപിച്ചു.
മിനി സിവില്‍ സ്റ്റേഷനില്‍ സൗകര്യമുളള മുറികള്‍ ഉപയോഗപ്പെടുത്തി എ.ഇ.ഒ, ബി.പി ഓഫിസുകള്‍ അങ്ങോട്ട് മാറ്റിയാല്‍ ഈ പൊതുവിദ്യാലയം രക്ഷപ്പെടുവാന്‍ സാധ്യതയുണ്ട്.
വാളൂര്‍ ഗവ. യു.പി സ്‌കൂളിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുളള ഇവിടെ വേണ്ട പരിഗണന ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ നല്‍കിയിട്ടില്ല.
പൊതുവിദ്യാലയമെന്ന നിലയില്‍ നേരത്തെ ആയിരത്തോളം വിദ്യാര്‍ഥികളും 21 ഡിവിഷനുകളും ഉണ്ടായിരുന്ന ഇവിടെ നാനൂറോളം വിദ്യാര്‍ഥികള്‍ മാത്രമാണ് പഠിക്കുന്നത്. പാഠ്യപാഠ്യേ തര വിഷയങ്ങളില്‍ ഏറെ അംഗീകാരങ്ങള്‍ ലഭിച്ച സര്‍ക്കാര്‍ സ്‌കൂളിന് യാതൊരു പരിഗണനയും നല്‍കാത്ത സാഹചര്യമുണ്ടായപ്പോള്‍ പ്രദേശത്തെ ബഹുഭൂരിപക്ഷം രക്ഷിതാക്കളും കുട്ടികളെ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ചേര്‍ത്തു. സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ സൗകര്യമുള്ള കളിസ്ഥലമുണ്ടായിട്ട് ലഭ്യമാക്കാന്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ താല്‍പ്പര്യമെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."