ഉന്നാവോ: കുല്‍ദീപ് സെന്‍ഗാറിന്റെ ഹരജിയില്‍ സി.ബി.ഐക്ക് ഹൈക്കോടതി നോട്ടിസ്
ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍, വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി.
ജസ്റ്റിസുമാരായ മന്‍മോഹന്‍, സംഗീതാ ധിംഗ്ര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ജീവപര്യന്തം തടവു ശിക്ഷ റദ്ദാക്കണമെന്നും പിഴയിനത്തില്‍ നിര്‍ദേശിച്ച 25 ലക്ഷം രൂപ അടക്കാനുള്ള കാലയളവ് നീട്ടിത്തരണമെന്നും ആവശ്യപ്പെട്ടാണ് സെന്‍ഗാര്‍ അഭിഭാഷകന്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കോടതി ഇതിനോട് വിസമ്മതിച്ചു. വിധി റദ്ദാക്കുന്നത് പരിഗണിക്കുന്നില്ലെന്നും പിഴയായ 25 ലക്ഷം 60 ദിവസത്തിനുള്ളില്‍ അടച്ച് തീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതില്‍ 10 ലക്ഷം യാതൊരു ഉപാധികളുമില്ലാതെ കേസിലെ ഇരക്ക് നല്‍കണം.
നേരത്തെ പിഴ കെട്ടി വയ്ക്കാന്‍ മതിയായ തുക പ്രതിയുടെ കൈയില്‍ ഇല്ലെന്നും കുടുംബത്തിലെ ഏക വരുമാനക്കാരന്‍ അദ്ദേഹം മാത്രമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ഭാര്യ ഒരു പൊതു പ്രവര്‍ത്തകയാണെന്നും തുകയില്‍ നിന്ന് ആദ്യം 10 ലക്ഷം പെണ്‍കുട്ടിക്ക് നല്‍കണമെന്നും ബാക്കിയുള്ളത് കോടതിയില്‍ കെട്ടി വയ്ക്കണമെന്നും കോടതിയോട് സി.ബി.ഐ നിര്‍ദേശിച്ചു. ഇത് സ്വീകരിച്ച കോടതി പ്രതിയുടെ ആവശ്യങ്ങള്‍ നിരാകരിക്കുകയായിരുന്നു. സി.ബി.ഐയുടെ മറുപടിക്കായി കേസ് മെയ് 4ലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."