ഭവനനിര്‍മാണ പദ്ധതികള്‍ക്കും റോഡുകളുടെ നിര്‍മാണത്തിനും മുന്‍ഗണന
കൊച്ചി : ഭവനനിര്‍മാണ പദ്ധതികള്‍ക്കും റോഡ് നിര്‍മാണത്തിനും മുന്‍ഗണന നല്‍കി 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വിശാല കൊച്ചി വികസന അതോറിറ്റി അവതരിപ്പിച്ചു. നഗരത്തില്‍ അടുത്തിടെ നടന്ന വികസന സെമിനാറുകളുടെ അടിസ്ഥാനത്തിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. പൊതുശൗചാലയങ്ങള്‍ക്കായി ബജറ്റില്‍ തുകയൊന്നും അനുവദിച്ചിട്ടില്ല.
റോഡ് വികസനം, ഭവന പദ്ധതി, വ്യാപാര വ്യവസായി ഓഫീസ് സമുച്ചയങ്ങള്‍ എന്നിവയടക്കം 18 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 166.54 കോടി രൂപ ചെലവും 204.60 കോടി രൂപ വരവും 38.06 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഗാന്ധിനഗര്‍ എളംകുളം നോര്‍ത്ത് പദ്ധതി പ്രദേശത്തെ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വനിതാ ഹോസ്റ്റലും ഷോര്‍ട്ട് സ്‌റ്റെയും നിര്‍മിക്കും. നിലവില്‍ ഈ സ്ഥലത്തുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പൊളിച്ചു മാറ്റി ആധുനിക രീതിയിലുള്ള ഹോസ്റ്റല്‍ നിര്‍മിക്കും. ജിസിഡിഎയുടെ 64 സെന്റ് സ്ഥലത്താണ് ഇവ നിര്‍മിക്കുന്നത്. ഹോസ്റ്റലിനോടൊപ്പം ഷോപ്പിങ് കോംപ്ലക്‌സ്, മിനി തിയേറ്റര്‍ എന്നിവയും നിര്‍മിക്കും. 10.5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായി 2.10 കോടി രൂപ ചെലവഴിച്ച് നവീകരണം നടത്തും. സര്‍ക്കാര്‍ ഫണ്ടിനു പുറമെയാണിത്. പെയിന്റിങിനായാണ് ഇത്രയും തുക ചെലവഴിക്കുക. പച്ചാളം-മാമംഗലം റോഡ്, രാമേശ്വരം ഭവന പദ്ധതി, തേവര-പേരണ്ടൂര്‍ കനാല്‍ നിര്‍മാണം, മറൈന്‍ഡ്രൈവ് ഗ്രൗണ്ട് സൗന്ദര്യവത്ക്കരണം, മറൈന്‍ഡ്രൈവില്‍ പുതിയ ടൂറിസ്റ്റ് ബോട്ട്‌ജെട്ടി, ലാന്റ്ബാങ്ക് തുടങ്ങിയവാണ് മറ്റു പ്രധാന പദ്ധതികള്‍. സ്ഥിരതാമസക്കാര്‍ക്കും നഗരത്തില്‍ വന്നുപോകുന്നവര്‍ക്കും ഉപകാരപ്രദമാകുംവിധമാകും രൂപത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള ഹോസ്റ്റല്‍ നിര്‍മ്മാണവും ബജറ്റിലുണ്ട്.
ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് സി എന്‍ മോഹനന്‍ പറഞ്ഞു. ജിസിഡിഎയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേക ദൗത്യസേന രൂപീകരിക്കും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്ന് ഉറപ്പാക്കും. വര്‍ഷം 10 കോടി രൂപയെങ്കിലും കുടിശ്ശിക പിരിച്ചെടുക്കാനാണ് തീരുമാനം.
ജിസിഡിഎയ്ക്കു ലഭ്യമായിരുന്ന ആദായനികുതിയിളവ് നിര്‍ത്തലാക്കിയതും ഭീമമായ നികുതിബാധ്യത വരുന്നതും അതോറിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. വിവിധ വികസന സെമിനാറുകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പദ്ധതികള്‍ക്ക് മാര്‍ച്ച് മൂന്നിനു മുമ്പ് അംഗീകാരം ലഭിക്കേണ്ടതുകൂടി മുന്നില്‍ക്കണ്ട് ചുരുങ്ങിയ സമയത്തിനുള്ളിലാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."