അഴിയൂര്‍ അഞ്ചാംപീടികക്കാര്‍ക്ക് ഇനി വാഹനങ്ങളില്‍ വീടണയാം
വടകര: ദേശീയപാതയുടെ ഓരത്താണെങ്കിലും വാഹന ഗതാഗതം അന്യമായ അഴിയൂര്‍ അഞ്ചാംപീടിക പ്രദേശവാസികള്‍ക്ക് ഇനി വാഹനങ്ങളില്‍ വീടണയാം. അഴിയൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡിലെ അഞ്ചാം പീടിക പ്രദേശവാസികളുടെ നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമായി.
അഞ്ചാംപീടിക ജുമാമസ്ജിദിന്റെയും അഴിയൂര്‍ ഹൈസ്‌കൂളിന്റെയും എം.എല്‍.പി സ്‌കൂളിന്റെയും കരിങ്കല്‍ മതിലുകള്‍ കാരണം ഇവരുടെ റോഡെന്ന സ്വപ്നം നീണ്ടുപോവുകയായിരുന്നു. വീതി കൂട്ടാന്‍ എം.എല്‍.പി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വിജയരാഘവന്‍ മാസ്റ്റര്‍ സമ്മതം മൂളിയതോടെ നീണ്ട കാലത്തെ ദുരിതത്തിന് അറുതിയായി.
അന്‍പതോളം കുടുംബങ്ങള്‍ സ്ഥലവും പണവും തന്ന് സഹായിച്ചതോടെ റോഡെന്ന സ്വപ്നം പൂര്‍ത്തിയാവുകയായിരുന്നു. 750 മീറ്റര്‍ നീളമുള്ള റോഡിനായി 600 മീറ്ററോളം എട്ടടി ഉയരത്തിലുള്ള കരിങ്കല്‍ മതിലുകള്‍ പൊളിച്ച് മാറ്റി പുനസ്ഥാപിച്ചിട്ടുണ്ട്. വൃദ്ധരായ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ചുമട്ട് തൊഴിലാളികളെപ്പോലും ആശ്രയിക്കേണ്ടി വന്ന വലിയ ദുരിതത്തില്‍ നിന്നാണ് അഞ്ചാം പീടിക നിവാസികള്‍ മോചിതരായിരിക്കുന്നത്.
വാര്‍ഡ് മെംബര്‍ സാഹിര്‍ പുനത്തില്‍ ചെയര്‍മാനും പി.കെ ബിജു കണ്‍വീനറും മഹമൂദ് നെല്ലോളി ഖജാന്‍ജിയുമായ കമ്മിറ്റിയാണ് റോഡ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. റോഡിന് പഞ്ചായത്ത് വാര്‍ഷിക ഫണ്ടില്‍ നിന്ന് മൂന്നരലക്ഷം വകയിരുത്തി ടാറിങ് പ്രവൃത്തിയും ഇക്കുറി ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ വാര്‍ഡ് മെംബര്‍ സാഹിര്‍ പുനത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ റോഡ് നിര്‍മാണ കമ്മറ്റിയംഗങ്ങളെ സ്വീകരിച്ചാനയിച്ചു.
വാര്‍ഡ് മെംബര്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല പി.കെ നല്‍കി. മറ്റ് കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള ഉപഹാരങ്ങള്‍ വാര്‍ഡിലെ മുതിര്‍ന്ന വോട്ടര്‍മാര്‍ നല്‍കി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സാലിം പുനത്തില്‍ അധ്യക്ഷനായി. പി.കെ ബിജു, മഹ്മൂദ് നെല്ലോളി, സി.എച്ച് സൈനുദ്ദീന്‍, യു.കെ കരീം, ടി. അജിത്കുമാര്‍, ടി.കെ അനില്‍കുമാര്‍, ടി.കെ വിജയന്‍, എ.കെ അബ്ദുല്ല, വി.പി ബാലന്‍, സലീം പുനത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."