മാറണം ഡിജിറ്റല്‍ തെരഞ്ഞെടുപ്പിലേക്ക്
നോട്ട് അസാധുവാക്കല്‍ അഭ്യാസത്തിനുശേഷം റിങില്‍ വിശ്രമിക്കുന്ന നരേന്ദ്രമോദി സംശുദ്ധഭാരതമാണു യഥാര്‍ഥ ഡിജിറ്റല്‍ ബാങ്കിങ് പരിപോഷണംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് അഴിമതിരഹിതവും ചെലവുകുറഞ്ഞതും സുതാര്യവുമാക്കാന്‍ ഡിജിറ്റല്‍ബാലറ്റും ഡിജിറ്റല്‍വോട്ടിങ്ങും ഡിജിറ്റല്‍കൗണ്ടിങ്ങുമൊക്കെ പരീക്ഷിക്കുന്നതു നന്ന്. തെരഞ്ഞെടുപ്പു കമ്മിഷനുമായി ആശയവിനിമയം നടത്തി ഘട്ടംഘട്ടമായി ഇപ്പോഴത്തെ സംവിധാനവും ഡിജിറ്റല്‍ സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമിച്ചുനടപ്പാക്കാവുന്നതാണ്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഈ പരീക്ഷണം നടത്തി വിശ്വാസ്യതയും സുതാര്യതയും പഠിച്ചശേഷം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം.
ഇപ്പോള്‍ തുടങ്ങിയാല്‍പ്പോലും കുറഞ്ഞത് അഞ്ചുവര്‍ഷംകൊണ്ടേ ഇന്ത്യയില്‍ ഇതു പൂര്‍ണമായി നടപ്പാക്കാന്‍ കഴിയൂ. ഇന്ത്യ ഡിജിറ്റല്‍ രംഗത്തു പല കാര്യങ്ങളിലും കുതിച്ചുചാട്ടം നടത്തുകയാണ്. ഐ.ടി രംഗത്തെ നമ്മുടെ മികവ് ഉപയോഗപ്പെടുത്തി ബൂത്തു കൈയേറ്റത്തിന്റെയും തെരഞ്ഞെടുപ്പു ധൂര്‍ത്തിന്റെയും പരസ്യ, മാധ്യമ, ഫ്‌ളക്‌സ് ധൂര്‍ത്തിന്റെയും, പോളിങ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ഭാരിച്ച ചെലവ് കുറയ്ക്കാന്‍ ഡിജിറ്റല്‍ തെരഞ്ഞെടുപ്പിനു കഴിയും. തെരഞ്ഞെടുപ്പ് അഴിമതിയും നിയന്ത്രിക്കാനാകും. സമ്പൂര്‍ണ ഡിജിറ്റല്‍ തെരഞ്ഞെടുപ്പു നടപ്പാക്കിയാല്‍ നമുക്ക് ജനാധിപത്യം നിലനില്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്കു വഴികാട്ടിയാകാം.
കോടിക്കണക്കിനു രൂപ ഡെബിറ്റ്, ക്രെഡിറ്റ് മൊബൈല്‍ ബാങ്കിങ് വഴി സുരക്ഷിതക്രയവിക്രയംനടത്താന്‍ കഴിയുന്ന നമുക്ക് എന്തുകൊണ്ടു ഡിജിറ്റല്‍ തെരഞ്ഞെടുപ്പു പ്രാവര്‍ത്തികമാക്കിക്കൂടാ. നിശ്ചിത എ.ടി.എം ക്രയവിക്രയം മാത്രം സൗജന്യമാക്കി ബാക്കിയുള്ളതിനു വലിയ സര്‍വിസ് ചാര്‍ജ് പിടുങ്ങാന്‍ ബാങ്കിങ് രംഗത്തെ വന്‍സ്രാവുകള്‍ക്ക് അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍, പ്രവാസികള്‍ക്കു സമ്മതിദാനാവകാശം സുസാധ്യമാക്കുന്ന ഡിജിറ്റല്‍ തെരഞ്ഞെടുപ്പു നടപ്പാക്കാന്‍ മുതിര്‍ന്നിരുന്നെങ്കില്‍ അതൊരു നന്മയാകുമായിരുന്നു.
ഞാന്‍ ഐ.ടി വിദഗ്ധനല്ലെങ്കിലും യുവസോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ക്കു മസ്തിഷ്‌കോദ്ദീപനത്തിനായി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്യാവുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫോമ കണ്ടെത്തി പേറ്റന്‍സി നേടി ഇലക്ഷന്‍ കമ്മിഷന്റെ കുറ്റമറ്റ, സുതാര്യ ഉപയോഗീസൗഹൃദ സമ്മതിപത്രത്തിലൂടെ ഉപയോഗാനുമതി നേടണം.
ഇത് അന്തര്‍ദേശീയ തല പേറ്റന്‍സി സമ്പാദിക്കത്തക്കനിലയിലാക്കി ഓരോരജ്യത്തിനും പ്രത്യേകകോഡുകള്‍ നല്‍കിഡൗണ്‍ലോഡ് ചെയ്യിപ്പിക്കാന്‍ കഴിയും. ഇതുപയോഗിച്ച് ആര്‍ക്കും മൊബൈലിലോ അക്ഷയകേന്ദ്രങ്ങളിലോ തദ്ദേശസ്ഥാപനങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഏറ്റവും എളുപ്പത്തില്‍ പി.ഒ.എസ് തുല്യ പോര്‍ട്ടബിള്‍ മോഡങ്ങളിലോ ഒക്കെ സമ്മതിദായകന് എളുപ്പം വോട്ട് ചെയ്യാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യാം.
ഇനി, സമ്മതിദാന സുരക്ഷിതമാനദണ്ഡങ്ങള്‍ക്കുള്ള ചില സൂചനകള്‍ സമര്‍പ്പിക്കട്ടെ. രണ്ടു രീതിയില്‍ ഇതു പ്രാവര്‍ത്തികമാക്കാം. ഒന്നാമത്തെ സംവിധാനത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ ആധികാരികമായി ഓരോസമ്മതിദായകനും ആധാര്‍രേഖയുടെ അടിസ്ഥാനത്തില്‍ (ഇതില്‍ വിരല്‍നേത്ര വ്യക്തിത്വത്തനിമ നിര്‍ണയ നിബന്ധനോപാധികളുള്ളതിനെ ഉപയോഗപ്പെടുത്തി) ഓരോ സമ്മതിദായകനും സ്വയ്പിങ് കാര്‍ഡു നല്‍കിയാല്‍ മതി. ഈ സ്വയ്പിങ് കാര്‍ഡുപയോഗിച്ചു എ.ടി.എം, പി.ഒ.എസ് മെഷീനുകള്‍ക്കു തുല്യമായ പ്രത്യേക സ്വയ്പിങ് വോട്ടിങ് മെഷീനുകളിലൂടെ മേല്‍പ്പറഞ്ഞ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തു വോട്ടുചെയ്യാം. ഇതിലും കൂടുതല്‍ സുരക്ഷിതത്വം വേണമെങ്കില്‍ രണ്ടോ അതിലധികമോ 'പിന്‍ നമ്പറും' ഏര്‍പ്പെടുത്താം. ആദ്യഘട്ടത്തില്‍ സ്വയ്പിങ് മെഷീനുകള്‍ക്കു കുറച്ചു സാമ്പത്തികബാധ്യത ഉണ്ടായേക്കാമെങ്കിലും ഭാവിയിലും ഉപയോഗിക്കാവുന്നതാണെന്നതിനാല്‍ നഷ്ടമാവില്ല.
മറ്റൊരു സാധ്യത പുതിയ ഹാര്‍ഡ്‌വെയര്‍ സേവനസംവിധാനംകൂടിയുള്ള എ.ടി.എം. പി.ഒ.എസ് മെഷീനുകള്‍ ബാങ്കുകള്‍ക്കു നിര്‍ബന്ധമാക്കി ഭാവിയില്‍ എല്ലാ മെഷീനുകള്‍ വഴിയും എവിടെനിന്നും വോട്ടുചെയ്യാനുള്ള അവസരം സൃഷ്ടിക്കലാണ്. ഈ നിലയിലെത്തിക്കഴിഞ്ഞാല്‍ അസുഖ ബാധിതര്‍ക്കും കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ വയ്യാത്തവര്‍ക്കുമൊക്കെ അവരുടെ കാര്‍ഡുകളും സീക്രട്ട് പിന്‍നമ്പരും നല്‍കി വിശ്വസ്തബന്ധുവിനെക്കൊണ്ടു വോട്ടു ചെയ്യിക്കാം. 'പോര്‍ട്ടബിള്‍'പി.ഒ.എസ് തുല്യ മെഷീനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാല്‍ സ്വയം വോട്ടുചെയ്യാനും അവര്‍ക്കു കഴിയും.
ബൂത്തില്‍ ക്യൂ നില്‍ക്കാതെ പോളിങ് ശതമാനം വര്‍ധിപ്പിക്കാന്‍ ഇതുമൂലമാകും. ഏറെ താമസമില്ലാതെ പുതിയ എല്ലാ ബാങ്ക് എ.ടി.എം മെഷീനുകളിലും ഇതരസേവനങ്ങള്‍ പട്ടികയില്‍ വോട്ടിങ് കൂടിച്ചേര്‍ത്താല്‍ ഭാവിയില്‍ ഇവയിലൂടെയും വോട്ടിങ് സാധ്യമാക്കാം.
രണ്ടാമത്തെ സംവിധാനം സ്വയ്പിങ് കാര്‍ഡുകള്‍ ആവശ്യമില്ലാത്തതാണ്. വോട്ടര്‍ക്കു വീട്ടിലെ കംപ്യൂട്ടര്‍വഴിയോ ഇന്റര്‍നെറ്റ് കഫേകള്‍ വഴിയോ മൊബൈല്‍ വഴിയോ മറ്റു സേവനകേന്ദ്രങ്ങള്‍വഴിയോ പൂര്‍ണമായി ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ വോട്ടുചെയ്യാം. സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കുംവേണ്ട മാനദണ്ഡങ്ങള്‍ സമന്വയിപ്പിച്ചേ മണ്ഡലത്തിന്റെയും സ്ഥാനാര്‍ഥികളുടെയും പേരുള്ള ബാലറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാക്കാവൂ. വിരലടയാളം, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന രഹസ്യകോഡ് എന്നിവ സുരക്ഷിത മാനദണ്ഡമാക്കാവുന്നതാണ്.
ഇന്നു നാം കാണുന്ന ധൂര്‍ത്തും മുഷ്ടിയുദ്ധവുമൊക്കെ തെരഞ്ഞെടുപ്പിലെ ധാര്‍മികതയും വിശ്വാസ്യതയും കളഞ്ഞുകുളിക്കുന്നതാണ്. സ്ഥാനാര്‍ഥിനിര്‍ണയവും പത്രികാസ്വീകരണവും കഴിഞ്ഞാല്‍ പത്തുദിവസത്തിലധികം പ്രചാരണത്തിന് ആവശ്യമില്ല. പത്രികസ്വീകരിച്ചു ഡിജിറ്റല്‍ ബാലറ്റില്‍ പേരുവരുന്ന ദിവസം മുതല്‍ വോട്ടര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിര്‍ദിഷ്ടസമയപരിധിക്കുള്ളില്‍ ഡിജിറ്റല്‍വോട്ടു ചെയ്യാം. മനസ്സാക്ഷിക്കനുസരിച്ചു തീരുമാനമെടുക്കാന്‍ വോട്ടര്‍ക്കു പരപ്രേരണ ആവശ്യമില്ലല്ലോ.
ഡിജിറ്റല്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ആ വോട്ടറുടെ ആ തെരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് അപ്രത്യക്ഷമാകും. വോട്ട് കോഡായി പെട്ടിയില്‍വീഴും. കള്ളവോട്ടിനെ ഭയക്കേണ്ട. രണ്ടിടത്തു വോട്ടും ചെയ്യാനാകില്ല. കൗണ്ടിങ് ദിവസം വോട്ട് ഡീകോഡ് ചെയ്താല്‍ നിമിഷനേരം കൊണ്ടു ഫലം ലഭ്യമാകും. സുതാര്യമായതിനാല്‍ സൈബര്‍ ക്രൈം സെല്ലിനു നിഷ്പ്രയാസം ക്രോസ്‌ചെക് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."