രാഹുലിന്റെ മരണം കൊലപാതകമെന്ന്; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പിതാവ്
മലപ്പുറം: മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി രാഹുലിന്റെ മരണം കൊലപാതകമാണെന്നും മറിച്ചുള്ള പൊലിസ് വാദം തെറ്റാണെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പിതാവ് പടിഞ്ഞാറെകളത്തില്‍ വേലുകുട്ടിയും മാതാവ് ശാരദയും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2018 ജൂണ്‍ എട്ടിന് രാത്രി എട്ടോടെ അയല്‍വാസിയും സുഹൃത്തുമായ അരുണ്‍ അവനെ വീട്ടില്‍ നിന്നു വിളിച്ചുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയും വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ പൊലിസില്‍ പരാതി നല്‍കി. ഒന്‍പതിന് രാവിലെ പത്തോടെ അടങ്ങപുരം എന്ന സ്ഥലത്തുള്ള കിണറ്റില്‍ മരണപ്പെട്ട നിലയില്‍ മകനെ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയില്ലെന്നും രണ്ടു പേരും നടന്നുപോകുമ്പോള്‍ അബദ്ധവശാല്‍ കിണറ്റിലേക്ക് വീണതാണെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല്‍ മകനെ അടിച്ച് ബോധം കെടുത്തി കിണറ്റില്‍ കൊണ്ടുപോയി തള്ളിയതാണെന്ന് ഉറപ്പാണെന്നും ന്യായം കിട്ടണമെങ്കില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വേലുക്കുട്ടി പറഞ്ഞു.
നിത്യ രോഗികളായ എനിക്കും ഭാര്യക്കും ഏക ആശ്രയമായിരുന്ന അവനെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണം. സംശയമുള്ളവരെ പറഞ്ഞുകൊടുത്തിട്ടും പൊലിസ് നടപടിയൊന്നും സ്വീകരിച്ചില്ല. എം ഉമ്മര്‍ എം.എല്‍.എ മുഖേനെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. വേണ്ട നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കാമെന്ന മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും മറുപടി ലഭിച്ചെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."