ജില്ലാ ആശുപത്രികളെ ശക്തിപ്പെടുത്താന്‍ തീരുമാനം
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അലോപ്പതി, ഐ.എസ്.എം, ഹോമിയോപ്പതി വിഭാഗങ്ങളിലെ ജില്ലാ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും നിലവിലുള്ള സൗകര്യങ്ങള്‍ രോഗികള്‍ക്കു പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അടുത്ത മാസം ആറിനു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒന്‍പതിനു രാവിലെ 10നു പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയും ഉച്ചയ്ക്കു രണ്ടിനു ഹോസ്ദുര്‍ഗിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സന്ദര്‍ശനിക്കും. ആശുപത്രി മാനേജ്‌മെന്റ് സമിതി, ജീവനക്കാരുടെ പ്രതിനിധികള്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ഇപ്പോഴുള്ള സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കി.
അഡ്‌ഹോക് ഡോക്ടര്‍മാരുടെ ഒഴിവു നികത്തുന്നതിനു സമയ ബന്ധിതമായി നടപടികള്‍ സ്വീകരിക്കും. ജില്ലാ ആശുപത്രിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളും ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തടസമാകുന്ന അസൗകര്യങ്ങളും സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് പരിശോധനാ സംവിധാനം, ട്രോമാകെയര്‍ യൂനിറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കരാര്‍ കാലാവധി പുതുക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. എന്‍.പി.ആര്‍.പി.ഡി കരാര്‍ ജീവനക്കാരുടെ വേതനം നല്‍കുന്നതിനു സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനു ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാറിലേക്കു സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത മാസം 31 വരെ ബന്ധപ്പെട്ട ജീവനക്കാര്‍ക്കു ജോലിയില്‍ തുടരാന്‍ അനുവാദം നല്‍കും. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള ജില്ലാ തല കര്‍മ്മ പദ്ധതിയിലുള്‍പ്പെട്ട വൈകല്യ-സൗഹൃദ ഭവനം പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച 10 ഭേദഗതി പദ്ധതികള്‍ക്കു 2.81 കോടി രൂപയും 53 പുതിയ പദ്ധതികള്‍ക്കു 8.07 കോടി രൂപയും സാമ്പത്തികാനുമതി നല്‍കി.
വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം ത്വരിതപ്പെടുത്താനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശം നല്‍കി. ജില്ലാപഞ്ചായത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായം ആരംഭിക്കുന്നതിനു സര്‍ക്കാരിനെ സമീപിക്കുമെന്നും യോഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."