ഒരു മാവോയിസ്റ്റ് - മാര്‍ക്‌സിസ്റ്റ് സംവാദം
ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ ആണ്. വലിയ പുലിയൊന്നുമല്ല. കോണ്‍ഗ്രസ് ആണെന്നൊരു ദോഷവുമുണ്ട്. ഊരിപ്പിടിച്ച കഠാരകള്‍ക്കിടയിലൂടെ നടന്നുപോയതൊന്നും അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പിലില്ല. പക്ഷേ, ആ മുഖ്യമന്ത്രി ഒരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ട്. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്റ്റ്(എന്‍.ഐ.എ) റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു.
ബുര്‍ഷ്വാ പിന്തിരിപ്പനായ ഭൂപേഷ് ബാഗലുമായി മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയായ പിണറായി വിജയന്‍ സഖാവിനു ഒരു സാദൃശ്യവുമില്ല. മാര്‍ക്‌സിസത്തോട് വളരെയൊന്നും അകലെ അല്ലാത്ത മാവോയിസം എന്ന മഹാമാരി പിടിപെട്ടുവെന്ന കുറ്റം ചുമത്തി രണ്ട് ചെറുപ്പക്കാരെ പിണറായിയുടെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ എന്‍.ഐ.എയുടെ തടവറയിലാണ്. അതില്‍ പിണറായി സഖാവിന് ചെറിയ പരിഭവം പോലുമില്ല. സംസ്ഥാന പൊലിസ് അറിയാതെ കേസ് ഏറ്റെടുത്തതിലും സര്‍ക്കാറിന് ലവലേശം പ്രതിഷേധമില്ല. ഇതാണ് പിന്തിരിപ്പന്‍മാരും വിപ്ലവകാരികളും തമ്മിലുള്ള വ്യത്യാസം.
നിങ്ങളുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ പാസാക്കിയെടുത്തതല്ലേ എന്‍.ഐ.എ നിയമം എന്ന ചോദ്യം മാധ്യമങ്ങള്‍ ഭൂപേഷിനോട് ചോദിക്കുന്നുണ്ട്. ഭൂപേഷ് ഒട്ടും പരിഭ്രമമില്ലാതെ മറുപടി പറയുന്നു: മോദി സര്‍ക്കാര്‍ ആ നിയമം ഉപയോഗിച്ച് നിരപരാധികളെയും രാഷ്ട്രീയവിരോധികളെയും അറസ്റ്റ് ചെയ്യിക്കുന്നത് പതിവാക്കിയിരിക്കുന്നു. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാക്കിയുള്ള ഭരണഘടനാ വകുപ്പ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നു, അതിനായി ആ നിയമം ദുരുപയോഗം ചെയ്യുന്നു - ഈ ന്യായീകരണത്തെ അതിനപ്പുറം ചോദ്യം ചെയ്യാന്‍ പ്രയാസമാണ്.
യു.എ.പി.എ നിയമത്തെക്കുറിച്ച് വലിയ പരാതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. മുഖ്യമന്ത്രിയും അതിന് എതിരുതന്നെ. 'പാര്‍ട്ടി അംഗങ്ങളായ കോഴിക്കോട്ടെ അലന്‍, താഹ എന്നീ ചെറുപ്പക്കാരെ എന്‍.ഐ.എക്ക് വിട്ടുകൊടുത്തത്...' എന്നു തുടങ്ങുന്ന ചോദ്യം പത്രലേഖകന്‍ മുഴുമിക്കും മുമ്പ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പോയറ്റ് ഓഫ് ഡിസോര്‍ഡര്‍ ഉന്നയിച്ചു അവര്‍ മാവോയിസ്റ്റുകളാണ്, പാര്‍ട്ടിക്കാരല്ല' എന്നു പറഞ്ഞാല്‍ അര്‍ഥം ഒന്നേയുള്ളൂ. മാവോയിസ്റ്റുകളാണെങ്കില്‍ പിടിക്കാം, ജയിലിലിടാം, എന്‍.ഐ.എക്ക് വിട്ടുകൊടുക്കാം. വെടിവച്ച് കൊല്ലുന്നതിലും തെറ്റില്ല.
ഇനി, അവര്‍ മാവോയിസ്റ്റുകളാണ് എന്നു തന്നെ വിശ്വസിക്കുക. മാവോയിസ്റ്റ് ആകുന്നത് വലിയ മണ്ടത്തരമാണെന്നു പറയാം എന്നല്ലാതെ വലിയ കുറ്റകൃത്യമാണെന്ന് ഇതുവരെ കോടതിയൊന്നും പറഞ്ഞതായി അറിവില്ല. മാവോയിസത്തില്‍ വിശ്വസിക്കുന്നതു കുറ്റമല്ല എന്നുതന്നെ പറഞ്ഞിട്ടുമുണ്ട്. അലനും താഹയും എന്താണ് കുറ്റം ചെയ്തത്? മാവോയിസ്റ്റ് ലഘുലേഖ വായിച്ചത്രെ. വീട്ടില്‍ സൂക്ഷിച്ചത്രെ. അമ്പോ എന്തൊരു കുറ്റം. ഇനി വേറെ തെളിവൊന്നും വേണ്ട. ആരെയെങ്കിലും വെട്ടിയോ വെടിവെച്ചോ എന്നൊന്നും നോക്കേണ്ട കാര്യം പിന്നെയില്ല. മാവോയിസ്റ്റിനെ കണ്ടു എന്നു കേട്ടാല്‍ ഉടന്‍ പാഞ്ഞുവന്നു കേസ് എടുക്കലാണോ എന്‍.ഐ.എ എന്ന മഹാസ്ഥാപനത്തിന്റെ പണി? സംസ്ഥാന പൊലിസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടെങ്കിലും ഒന്നു നോക്കേണ്ടേ? ശുപാര്‍ശ വേണ്ടേ?
എന്തിനും സിദ്ധാന്തമുണ്ടാക്കുക നമ്മുടെ ബുദ്ധിജീവികളുടെ പരമ്പരാഗത ഉപജീവനമാര്‍ഗമാണല്ലോ. മാവോയിസവും ഇസ്‌ലാമിക തീവ്രവാദവും തമ്മില്‍ ബന്ധമുണ്ടെന്ന ഒരു സിദ്ധാന്തം ഈയിടെയായി ചില പാര്‍ട്ടി കുബുദ്ധിജീവികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മാവോ സെ തൂങ്ങും മാര്‍ക്‌സിസ്റ്റ് ആയിരുന്നു എന്നതു സത്യം. അതുകൊണ്ട് മാര്‍ക്‌സിസത്തിന്റെ അനിയന്‍ മാത്രമാണ് മാവോയിസം എന്നൊരു സിദ്ധാന്തം വേണമെങ്കില്‍ നമുക്കും ഉണ്ടാക്കാവുന്നതേ ഉള്ളൂ. മുസ്‌ലിം പേരുള്ളവരാണ് അറസ്റ്റിലായത് എന്നതു മാത്രമാണ് പുതിയ സിദ്ധാന്തം ചമച്ചതിനുള്ള ഏകന്യായം. മത മൗലികവാദികള്‍ അവരെ മുസ്‌ലിംകള്‍ എന്നല്ല, മുസ്‌ലിം നാമധാരികള്‍ എന്നേ വിളിക്കാറുള്ളൂ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പൊലിസിന് അവരെ അടിക്കാനുള്ള വടി തെരയുകയായിരുന്നു ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പാര്‍ട്ടി. ഇതിലും നല്ല വടിയൊന്നും കിട്ടിയില്ല. അതുമായിക്കഴിഞ്ഞു. ഇതിലപ്പുറം എന്തു വേണം? സംസ്ഥാനത്ത് ഒരു ബി.ജെ.പി ഭരണം ഉണ്ടായാല്‍പോലും ഇതിനപ്പുറം 'രാജ്യസ്‌നേഹം' ആരും പ്രതീക്ഷിക്കേണ്ടതില്ല.
ബി.ജെ.പി കോണ്‍ഗ്രസ് തന്നെ
കോണ്‍ഗ്രസ് ശൈലി അപ്പടി മാറ്റിയെഴുതാന്‍ പ്രതിജ്ഞയെടുത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഗാന്ധി, പട്ടേല്‍ തുടങ്ങിയ ചില കോണ്‍ഗ്രസുകാരെ തരത്തിനു കിട്ടിയാല്‍ ഫ്‌ളക്‌സ് ബോര്‍ഡിലും മറ്റും വെക്കുമെന്നല്ലാതെ വേറെ ബന്ധമില്ല. നെഹ്‌റുവിനെ കണ്ടാല്‍ കെട്ടിയിട്ടു തല്ലും. കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം ഉണ്ടാക്കുകയാണ് ആദ്യലക്ഷ്യം. വേറെ ചിലതുകളും ചിതലുകളും ഇല്ലാത്ത ഭാരതം ഉണ്ടാക്കണമെന്നും ഉണ്ട്. അതേതെന്ന് താത്ത്വികഗ്രന്ഥങ്ങള്‍ പറഞ്ഞിട്ടുണ്ട്. വേണ്ട സമയത്ത് പുറത്തെടുക്കും. ഇപ്പം അവിടെ നില്‍ക്കട്ടെ.
ഇങ്ങനെയൊക്കെ ആണെങ്കിലും കോണ്‍ഗ്രസിനെ പല കാര്യങ്ങളില്‍ അനുകരിക്കാതിരിക്കാന്‍ ബി.ജെ.പിക്കു കഴിയുകയില്ല. ഓരോ കാര്യം ചെയ്യുമ്പോഴും അതു കോണ്‍ഗ്രസ് എങ്ങനെ ചെയ്തു എന്നു നോക്കും. അതുപോലെ ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെ ചെയ്യും. ഇല്ലെങ്കിലേ ഒന്നു പരിഷ്‌കരിച്ചു ചെയ്യും.
ഈ ഹൈക്കമാന്‍ഡ് എന്ന സംവിധാനം ഇത്ര മനോഹരമാണെന്നു പണ്ടൊന്നും തോന്നിയതേ ഇല്ല. ഇപ്പോഴാണ് അതിന്റെ സുഖം അറിഞ്ഞത്. കോണ്‍ഗ്രസില്‍ പണ്ട് ഇന്ദിരാഗാന്ധി മാത്രമായിരുന്നു ഹൈക്കമാന്‍ഡ്. അത് പല ഘട്ടങ്ങളില്‍ പല രൂപത്തില്‍ മാറിയിരുന്നു. പഴയ ഏകാംഗ ഹൈക്കമാന്‍ഡ് ഇപ്പോള്‍ ആള്‍ക്കൂട്ട ഹൈക്കമാന്‍ഡ് ആയിട്ടുണ്ടാവാം. ബി.ജെ.പിയില്‍ ഇത് ദ്വയാംഗ ഹൈക്കമാന്‍ഡ് ആണ്. ഒരു സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ അവര്‍ക്കു നേരമില്ല. ഡല്‍ഹിയിലേക്കും തിരിച്ചും നൂറുവട്ടം വിമാനത്തില്‍ പറക്കുന്നതിന്റെ സുഖം അറിഞ്ഞവര്‍ക്കേ മനസ്സിലാകൂ. അത് അടുത്തൊന്നും തീരുന്ന മട്ടില്ല. പ്രസിഡന്റായിരുന്ന ശ്രീധരന്‍പിള്ളയെ മിന്നല്‍ വേഗത്തിലാണ് മാറ്റിയത്. മിസോറമില്‍ ഗവര്‍ണര്‍ ഇല്ലെങ്കില്‍ രാജ്യരക്ഷ അപകടത്തിലാവില്ലേ? അതു കൊണ്ട് വേഗം വക്കീലിനെ അങ്ങോട്ടുവിട്ടു. പഴയ റെക്കോര്‍ഡ് അനുസരിച്ചാണെങ്കില്‍ ആവിടെ പുതിയ ഗവര്‍ണറെ നിയമിക്കാന്‍ സമയമായി. ഇനി ആര്‍ക്കും വിരോധമില്ലെങ്കില്‍ ഒരു സമവായം ആയി ശ്രീധരന്‍പിള്ളയെത്തന്നെ ഇവിടെ വീണ്ടും പ്രസിഡന്റ് ആക്കാവുന്നതേ ഉള്ളൂ. ശ്രീധരന്‍പിള്ളയ്ക്ക് വിരോധമുണ്ടോ എന്നു നോക്കേണ്ട!
മുനയമ്പ്
കേരള ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചുവാര്‍ത്ത
കാലു പിടിച്ച് മാപ്പ് പറയുകയാ നല്ലത്. ഇല്ലെങ്കില്‍ സസ്‌പെന്‍ഷന്‍, പിന്നെ ഡിസ്മിസ്സല്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."