മുസ്‌ലിംകള്‍ക്കെതിരേയുള്ള വിവേചനത്തെ നിയമവിധേയമാക്കാനുള്ള ശ്രമം: പി.കെ കുഞ്ഞാലിക്കുട്ടി
ന്യുഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിമേതര ന്യുനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്‌സഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം മതവിഭാഗത്തിനെതിരേ പ്രകടമായ വിവേചനം ഉള്‍കൊള്ളുന്ന ബില്ല് സഭയില്‍ പാസാക്കരുതെന്നദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണ്. ബില്ല് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.
പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. ജാതിമത, ഹിന്ദു മുസ്ലിം പരിഗണനകള്‍ക്കതീതമായി തുല്ല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാല്‍ വിവേചനത്തെ നിയമ വിധേയമാക്കാനാണ് ഇന്ന് ഭരണഘടനയെ ദേദഗതി ചെയ്യുന്നത്.ബില്ല് അവതരിപ്പിക്കപ്പെട്ട ഇന്ന് മതേതര ഇന്ത്യയുടെ ചരിത്രത്തിലേ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും. തിരഞ്ഞടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ നോക്കി നടക്കുകയാണ് സര്‍ക്കാര്‍. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പടുത്താനുള്ള ബില്ല് കൊണ്ടുവരാനുള്ള നീക്കമടക്കം അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം നിയമങ്ങള്‍ മതിയായ ചര്‍ച്ച പോലും സാധ്യമാക്കാതെ പെട്ടന്ന് പാസാക്കിയെടുക്കുന്നത് ശരിയല്ല.
പൗരത്വ ഭേദഗതി ബില്ല് നിയമ പരമായി നിലനില്‍ക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."