മുസ്‌ലിമാണെന്ന് സത്യവാങ്മൂലം നല്‍കിയാലേ ഇനി ശരീഅത്ത് നിയമം ബാധകമാകൂ
തിരുവനന്തപുരം: മുസ്‌ലിമാണെന്ന് സത്യവാങ്മൂലം നല്‍കിയാലേ ഇനി മുസ്‌ലിം വ്യക്തി നിയമം (ശരീഅത്ത്) ബാധകമാകൂ. ഇതു സംബന്ധിച്ച ചട്ടത്തിന് സര്‍ക്കാര്‍ രൂപം നല്‍കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഡിസംബറിലെ അസാധാരണ ഗസറ്റിലാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. മൂന്നു മാസത്തിനുള്ളില്‍ ചട്ടമുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചട്ടമുണ്ടാക്കി പ്രസിദ്ധീകരിച്ചത്. 81 വര്‍ഷത്തിന് ശേഷമാണ് ഇതില്‍ ചട്ടമുണ്ടാക്കുന്നത്.
വിവാഹം, ഇഷ്ടദാനം, വഖ്ഫ്, അനന്തരവകാശം എന്നിവയിലാണ് ശരീഅത്ത് നിയമം ബാധകമാകുക. അതാതു തഹസില്‍ദാര്‍മാര്‍ക്കാണ് സത്യവാങ്മൂലം നല്‍കേണ്ടത്. മുസ്‌ലിമാണെന്ന് തെളിയിക്കുന്ന മഹല്ല് കമ്മിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യൂ അധികൃതരില്‍ നിന്നുള്ള ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും ഒപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നുവെന്ന സമ്മത പത്രവും നല്‍കണം. തഹസില്‍ദാര്‍ക്ക് അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനകം പരിശോധന നടത്തി അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ അടുത്ത 45 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപേക്ഷ നിരസിക്കുന്ന പക്ഷം നേരിട്ടോ രേഖാമൂലമോ അപേക്ഷകരുടെ ഭാഗം കേള്‍ക്കണം. നിരസിക്കുന്നവര്‍ അപ്പീല്‍ നല്‍കേണ്ടത് എ.ഡി.എമ്മിനാണ്. അപ്പീല്‍ ഒരുമാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അതേ സമയം സര്‍ക്കാര്‍ വിജ്ഞാപനം കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും മുഴുവന്‍ മുസ്‌ലിംകള്‍ക്കും ബാധകമാകുമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കെ.എന്‍.എ ഖാദര്‍ എം.എല്‍. എ നിയമമന്ത്രി എ.കെ ബാലന് നിവേദനം നല്‍കി. വിജ്ഞാപനം നിലവില്‍ വരുന്നത് വരെ എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമായിരുന്ന മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ നിന്ന് സത്യവാങ്മൂലം നല്‍കാത്തവര്‍ പുറത്ത് പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിംകളും ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കും പ്രകാരം ഡിക്ലറേഷന്‍ നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."