കുടിശ്ശിക 4000 കോടി: ഇന്നുമുതല്‍ ടെന്‍ഡര്‍ ബഹിഷ്‌ക്കരിക്കാന്‍ കരാറുകാര്‍
കോട്ടയം: നിര്‍മാണ മേഖലയിലെ കരാറുകാര്‍ ഇന്നു മുതല്‍ ടെന്‍ഡറുകള്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കും. കുടിശ്ശികയായി ലഭിക്കാനുള്ള 4000 കോടി രൂപ കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
ഫെബ്രുവരി അഞ്ചിന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് നടത്തും. കുടിശ്ശിക ചോദിക്കുന്ന കരാറുകാരോട് ജന്മിമാരോടെന്ന പോലെയാണ് ധനകാര്യ വകുപ്പ് പെരുമാറുന്നതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
കോടിക്കണക്കിനു രൂപ കരാറുകാര്‍ക്ക് കിട്ടാനുള്ളപ്പോഴാണ് കേപബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണം എന്ന ഉത്തരവിറക്കുന്നത്.
ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റിന് 20000 മുതല്‍ 50000 വരെയാണ് ബാങ്കുകള്‍ സര്‍വിസ് ചാര്‍ജായി വാങ്ങുന്നത്. ഒരു കോടി രൂപയില്‍ താഴെയുള്ള ജോലികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ടാര്‍ വാങ്ങി നല്‍കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇതും നിര്‍ത്തലാക്കി.
മുന്‍പ് കരാറുകാര്‍ എഗ്രിമെന്റ് വയ്ക്കുമ്പോള്‍ 200 രൂപയുടെ മുദ്രപത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ അത് കരാര്‍ തുകയുടെ ഒരു ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ എന്നാക്കി മാറ്റി. കരാറുകാരേയും ഉദ്യോഗസ്ഥരെയും പൊതുമരാമത് മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും മോന്‍സ് ജോസഫ് ആരോപിച്ചു.
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് പ്രശ്‌നത്തില്‍ ഇടപെടണം. വൈസ് പ്രസിഡന്റ് എം.കെ ഷാജഹാന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സണ്ണി ചെന്നിക്കര, ജോഷി ചാണ്ടി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."