ഹോട്ടലിലെ ചുടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് കുട്ടിയുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു
മോസ്‌കോ: റഷ്യന്‍ നഗരമായ പേമില്‍ ഹോട്ടലിലെ ചുടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് ഒരു കുട്ടിയുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മിനി ഹോട്ടല്‍ കരാമെലിലാണ് ഉഗ്ര ശബ്ദത്തോടെ രാത്രിയില്‍ പൊട്ടിത്തെറി ഉണ്ടായത്. താമസ കെട്ടിടത്തിന്റെ താഴെ പ്രവര്‍ത്തിക്കുകയായിരുന്നു ഈ ഹോട്ടല്‍. മൂന്നു പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
ശക്തമായ പൊട്ടിത്തെറിയാണ് സംഭവിച്ചതെന്ന് പ്രാദേശിക ഗവര്‍ണര്‍ മാക്‌സിം റെഷെട്‌നികോവ് പറഞ്ഞു. ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരോട് നന്ദി പറയുന്നതായും ഗവര്‍ണര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
രക്ഷാപ്രവര്‍ത്തകരില്‍ പലര്‍ക്കും ജോലിക്കിടെ പൊള്ളലേറ്റിരുന്നു. പൊട്ടിത്തെറിയോടെ ഹോട്ടലില്‍ ചൂടുവെള്ള പ്രളയം സംഭവിക്കുകയും ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ നിന്ന് ആവി പൊങ്ങുന്നതായും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോയില്‍ കാണാം. ഹോട്ടല്‍ അധികൃതരുടെ അനാസ്ഥയാലാണോ അപകടമെന്നാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."